തിരുവനന്തപുരം: കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. “ജനകീയ സമരത്തിനിടെ നടന്‍ നടത്തിയ പ്രതിഷേധം ഖേദകരമാണ്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം. കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകര്‍ പരാതി നല്‍കാന്‍ പോവുകയാണ്. അതില്‍ നടപടിയുണ്ടായില്ലെങ്കില്‍ കേരളം നാളെ അതിരൂക്ഷമായ സമരം കാണേണ്ടി വരും,” സുധാകരന്‍ വ്യക്തമാക്കി.
“കോണ്‍ഗ്രസിന്റെ വികാരം മാത്രമല്ല, ഒരു സമൂഹത്തിന്റെ വികാരമാണ്, ഒരു ജനതയുടെ വികാരമാണ്. ആ വികാരം പ്രകടിപ്പിക്കാന്‍ ഒരു ജനാധിപത്യ രാജ്യത്ത് അവകാശമില്ലെങ്കില്‍ പിന്നെ എന്താണ് അവകാശം. ഇത്രയും വലിയ അനീതി കാണിക്കുന്ന ഒരു സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ഒരു മണിക്കൂര്‍ റോഡ് ബ്ലോക്ക് ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തില്‍ സ്വാഭാവികമാണ്. എന്തൊക്കെ അസഭ്യങ്ങളാണ് അദ്ദേഹം വിളിച്ചു കൂവിയതെന്ന് കണ്ടതാണ്,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
“മുണ്ടും വാരിക്കെട്ടി ഒരു തറ ഗുണ്ടയെപ്പോലെ അദ്ദേഹം പോവുകയാണ്. പ്രവര്‍ത്തകരോട് പ്രത്യേകിച്ചും വനിതകളോട് അസഭ്യമായി പെരുമാറിയതിന് ജോജു എന്ന ക്രിമിനലിനെതിരെ പൊലീസ് നടപടി സ്വീകരിക്കണം. ജനങ്ങളേയും സമൂഹത്തേയും ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന ഒരു നടപടിയായിരിക്കണം അതെന്ന് ആവശ്യപ്പെടുകയാണ്,” സുധാകര്‍ പറഞ്ഞു.
അതേസമയം ജോജുവിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ന്യായീകരിച്ചു. “എന്തുകൊണ്ടാണ് തകര്‍ത്തത്, അദ്ദേഹം സമരക്കാര്‍ക്ക് നേരെ ചീറി പാഞ്ഞതുകൊണ്ടല്ലേ. ഒരുപാട് വാഹനങ്ങള്‍ ഉണ്ടായിരുന്നു. ഏതെങ്കിലും ഒന്നിന്റെ ചില്ല് പൊടിഞ്ഞോ. അക്രമിയുടെ കാറ് തകര്‍ത്തെങ്കില്‍ അത് ഒരു ജനരോക്ഷത്തിന്റെ ഭാഗമല്ലേ. അത് സ്വാഭാവികമായ പ്രക്രിയയാണ്. അത്ഭുതമില്ല,” സുധാകരന്‍ വിശദീകരിച്ചു.
അതേസമയം, കോണ്‍ഗ്രസിന്റെ ഗതാഗതം സ്തംഭിപ്പിച്ചുള്ള സമരത്തിനോട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിയോജിപ്പ് രേഖപ്പെടുത്തി. “ദിവസേന ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ ശക്തമായ സമരം ഉണ്ടാകണമെന്ന ആവശ്യം ജനങ്ങളുടെ ഭാഗത്ത് നിന്ന് വന്നിരുന്നു. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ ഇന്ന് നടന്ന സമരം. എന്നാൽ വഴി തടയൽ സമരത്തിന് താൻ വ്യക്തിപരമായി എതിരാണ്,” സതീശന്‍ വ്യക്തമാക്കി.
ജോജുവിന്റെ വികാരത്തെ മാനിക്കുന്നതായി കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ പറഞ്ഞു. “ഇന്ധന വില 110 രൂപ കടന്നിരിക്കുന്നു. ഉത്തരവാദിത്തപ്പെട്ട ഒരു പ്രസ്ഥാനമെന്ന നിലയിലാണ് സമരം നടത്തിയത്. ജന ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതില്‍ ഞങ്ങള്‍ക്കും പ്രയാസമുണ്ട്. ജോജുവിന്റെ വികാരത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ മൗലിക അവകാശമാണ് പ്രതികരിക്കുകയെന്നത്. അതില്‍ കുറ്റം പറയാനില്ല,” ഹൈബി പറഞ്ഞു.
ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ ഗതാഗതം സ്തംഭിപ്പിച്ചുള്ള സമരത്തിനിടെ പ്രതിഷേധം നടത്തിയ നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന ആരോപണം പൊലീസ് തള്ളി. താരം മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അറിയിച്ചു. വനിതാ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.