തിരുവനന്തപുരം: കാസർഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും. കാസർഗോഡ് ഡിസിസി നടത്തിയ പത്രസമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.

രണ്ട് ദിവസം മുമ്പാണ് രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ.രോഹിത് വിവാഹിതനായത്. വ്യവസായി ആയ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയാണ് വധു. കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തി കൊടുക്കാന്‍ തങ്ങള്‍ക്ക് താത്പര്യം ഉണ്ടെന്ന് രോഹിത്തും ശ്രീജയും അറിയിക്കുകയായിരുന്നു.

അങ്കമാലി ആഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ, മുന്‍മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഡിസിസി അധ്യക്ഷന്‍മാന്‍, കെപിസിസി-കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവരും മമ്മൂട്ടി, എംജി ശ്രീകുമാര്‍ തുടങ്ങി കലാസാംസ്കാരിക രംഗത്തെ പ്രമുഖരും വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തി. രോഹിത്തും ശ്രീജയും ഡോക്ടര്‍മാരാണ്. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.