തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമവും വാഹനങ്ങളും സാമൂഹ്യവിരുദ്ധർ അഗ്നിക്കിരയാക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിക്ക് പിന്നാലെ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കൾ ബിജെപിയെയും സംഘപരിവാറിനെയും കുറ്റപ്പെടുത്തി രംഗത്ത് വന്നു.

ആർഎസ്എസിനെതിരെ ശക്തമായ് പ്രതികരിക്കുന്നത് കൊണ്ടാണ് സന്ദീപാനന്ദ ഗിരിക്കെതിരെ ആക്രമണം നടന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി. “ജീവനെടുക്കുക എന്ന ലക്ഷ്യത്തോടയാണ് അദ്ദേഹത്തിന്റെ ആശ്രമത്തിന് നേരേ ആക്രമണം നടന്നത്.” ശബരിമല സ്ത്രീ പ്രവേശനത്തിൽ സംഘപരിവാറിന്റെ നയത്തെ തുറന്ന് കാണിക്കുന്നത് കൊണ്ടാണ് സന്ദീപാനന്ദ ഗിരി ആർഎസ്എസിന്റെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചതെന്നും കൊടിയേരി കൂട്ടിച്ചേർത്തു.

ചാനൽ ചർച്ചയിൽ സന്ദീപാനന്ദ ഗിരിക്കെതിരെ സംഘപരിവാറുകാർ ഭീഷണി മുഴക്കിയത് പുറത്ത് വന്നിട്ടുണ്ടെന്നും സ്വാമിയെ കൊലപ്പെടുത്തണമെന്നാണ് ആർഎസ്എസ് -ബിജെപി നേതൃത്വം അക്രമിസംഘത്തിന്
നിർദ്ദേശം നൽകിയതെന്നും കോടിയേരി ആരോപിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ശക്തമായ പൊലീസ് നടപടികൾ അക്രമികൾകെതിരെ കൈകൊള്ളുമെന്നും കൊടിയേരി വ്യക്തമാക്കി.

കേരളത്തിനകത്ത് വിവിധ കേന്ദ്രങ്ങളിൽ വച്ച് സ്വാമിക്ക് നേരേ കായികമായ ആക്രമണങ്ങൾ മുൻപും നടന്നിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. എന്നാൽ അത്തരം ആക്രമണങ്ങൾ കൊണ്ടൊന്നും സ്വാമിയുടെ മതേതര നിലപാടിൽ നിന്നും പുറകോട്ട് കൊണ്ട് പോകാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ കൊടും കുറ്റവാളികളാണ് അർധരാത്രി അഗ്നിക്കിരയാക്കി സന്ദീപാനന്ദ ഗിരിയെ ഉൻമൂലനം ചെയ്യാൻ ശ്രമിച്ചത്.ഇതിന്റെ ഉത്തരവാദി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയാണ്. അദ്ദേഹമാണ് ഇതിന് ഉത്തരവാദിത്ത്വം പറയേണ്ടതെന്ന് കടകംമ്പിള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ഉത്തരേന്ത്യയിൽ മാത്രം കണ്ടുവരുന്ന വർഗ്ഗീയ ഫാസിസമാണ് മതഭ്രാന്തന്മാർ അഴിച്ചുവിടുന്നതെന്നും, നല്ലവരായ കേരളസമൂഹം ഇതിനെതിരെ ശക്തമായ് അപലപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് സന്ദീപാനന്ദ ഗിരിക്ക് നേരേ നടന്ന ആക്രമണമെന്ന് മുല്ലപള്ളി രാമചന്ദ്രൻ പ്രതികരിച്ചു. സ്വതന്ത്രമായി അഭിപ്രായം പറയുന്നതാണ് ജനാധിപത്യം. എന്നാൽ അതിന് നേരേ നടക്കുന്ന ആക്രമണങ്ങളാണ് കഴിഞ്ഞ നാലര വർഷമായി രാജ്യം കണ്ടു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേത് പോലെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണ്. ആൾക്കൂട്ട ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരേ രാത്രിയുടെ മറവിൽ ഫാസിസ്റ്റ് ശക്തികൾ നടത്തിയ അക്രമത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായ ഭാഷയിൽ അപലപിക്കുന്നു. സ്വാമിജി അർത്ഥശങ്കയിലാതെ അക്രമികളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. അതിനാൽ അന്വേഷണം ആ നിലക്ക് കൊണ്ടുപോയി അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം. സ്വാമിക്കെതിരായി അക്രമം മുൻകൂട്ടി കാണുന്നതിൽ ഇന്റലിജെൻസ് വിഭാഗത്തിന് വീഴ്ചപറ്റിയോ എന്നും അന്വേഷിക്കണം. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങളെ ചൊല്ലി കൊല്ലലും തീയിടലുമല്ല മാർഗ്ഗമെന്ന് കെ.മുരളീധരൻ എംഎൽഎ പ്രതികരിച്ചു. സ്വാമിജിയെ തീവെച്ചു കൊലപ്പെടുത്താനുള്ള ശ്രമം അപലനീയമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.