പാലക്കാട്: എസ് ഡി പി ഐ പ്രവര്ത്തകന് സുബൈറിന്റേയും ആര്‍എസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റേയും കൊലപാതകങ്ങള്‍ക്ക് പിന്നാലെ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി. ഏപ്രില്‍ 24 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കൊലപാതകള്‍ക്ക് പിന്നാലെയുള്ള തുടരാക്രമണങ്ങളുടേയും ക്രമസമാധാന നില തകരാനുമുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ 16 നായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ലെന്നും നിര്‍ദേശമുണ്ട്.
അതേസമയം, ശ്രീനിവാസന്റെ കൊലപാതക കേസിൽ നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോൺ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നാണ് വിവരം. പാലക്കാട് ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മർ, അബ്ദുൾ ഖാദർ എന്നിവരാണ് പ്രതികളെന്നാണ് നിഗമനം.
കഴിഞ്ഞ 16ന് ഉച്ചയോടെയായിരുന്നു ശ്രീനിവാസൻ കൊല്ലപ്പെട്ടത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ വെട്ടികൊലപ്പെടുത്തിയത്. സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു ശ്രീനിവാസന്റെ കൊലപാതകം. സുബൈറിനെ പിതാവ് അബുബക്കറിന്റെ മുന്നിലിട്ടായിരുന്നു കൊലപ്പെടുത്തിയത്.
Also Read: Russia-Ukraine War News: യുക്രൈനില്‍ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 50 ലക്ഷം കടന്നതായി യുഎന്‍