scorecardresearch

സംഘര്‍ഷ സാധ്യത; ആലപ്പുഴയില്‍ നിരോധനാജ്ഞ നീട്ടി

ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരുന്നു

Political Killings, Alappuzha
പ്രതീകാത്മക ചിത്രം

ആലപ്പുഴ: എസ് ഡി പി ഐ, ബിജെപി നേതാക്കളുടെ കൊലപാതകം നടന്ന ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ നീട്ടി. 22-ാം തീയതി (ബുധനാഴ്ച) രാവിലെ ആറ് മണി വരെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തെ രണ്ട് ദിവസത്തേക്കായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

അതേസമയം സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഡിജിപി അനിൽകാന്ത് അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.

ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്താകെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ.

സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. പ്രശ്നസാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും. വാറന്‍റ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യുമെന്ന് ഡിജിപി അറിയിച്ചു.

Also Read: ഷാന്‍ വധം: രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; കാർ കണ്ടെത്തി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Political killings curfew extended in alappuzha