തിരുവനന്തപുരം: തലസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും ഗവർണർ പി. സദാശിവം രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി. കുറ്റവാളികളെ കർശനമായി നേരിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്ന് ഗവർണർ ട്വിറ്ററിലൂടെ അറിയിച്ചു. രാവിലെ 11 മണിയോടെയാണ് കൂടിക്കാഴ്ച നടന്നത് എന്നാണ് ലഭിക്കുന്ന വിവരം.

തിരുവനന്തപുരത്തെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്തെന്ന് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റ ക്രമസമാധാനനില വിശദീകരിച്ചുവെന്നും ഗവർണർ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി നേരിടുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് ഗവർണർ പറഞ്ഞു. നേരത്തെ, കണ്ണൂരിൽ സിപിഎം-ബിജെപി അക്രമം ശക്തമായപ്പോൾ ബിജെപി സംഘം ഗവർണർക്ക് പരാതി നൽകിയുന്നു.

തലസ്ഥാനത്തെ അക്രമ പരമ്പരകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു. സംസ്ഥാനത്തെ സംഘർഷത്തെ കുറിച്ചുള്ള വാർത്തകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് അറിയിക്കാനായിരുന്നു ഫോണിൽ കേന്ദ്രമന്ത്രിയുടെ വിളി.

തിരുവനന്തപുരത്ത് നിന്നുള്ള അക്രമ പരമ്പരകളുടെ വാർത്തകൾ അസ്വസ്ഥതയും ആശങ്കയും ഉളവാക്കുന്നതാണെന്ന് വ്യക്തമാക്കിയ രാജ്നാഥ് സിംഗ്, അക്രമ സംഭവങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ രാജേഷ് ഇന്നലെ രാത്രി കൊല ചെയ്യപ്പെട്ട സംഭവത്തിന് ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ കേന്ദ്ര ഇടപെടലിനായി ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിളി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.