മലകയറിയും കായൽ കടന്നും വിവാദങ്ങൾക്ക് സല്യൂട്ട് അടിച്ചാണ് ഒരു വർഷം കടന്നുപോകുന്നത്. മന്ത്രിമാർ മുതൽ ഉദ്യോഗസ്ഥർ വരെ എല്ലാവരും വിവാദത്തിലെ കണ്ണികളായി.
ഈ സർക്കാർ വർഷം തുടങ്ങിയത് തന്നെ വിവാദങ്ങളുടെ ആഘോഷത്തോടെയാണ്. രണ്ട് മന്ത്രിമാരുടെ രാജിയാണ് ഈ വർഷം കേരളത്തിലുണ്ടയാത്. രണ്ടും ഒരേ വകുപ്പിലെ മന്ത്രിമാർ, ഒരേ പാർട്ടിയുടെ പ്രതിനിധികൾ.
സ്ത്രീയോട് മോശമായി സംസാരിച്ചുവെന്ന പേരിൽ മാർച്ച് 26 ന് എൻ സി പിയുടെ എം എൽ എയായിരുന്ന ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് രാജിവെയ്ക്കേണ്ടി വന്നു. പുതുതായി ആരംഭിച്ച ചാനലിന്രെ വാർത്ത സംപ്രേഷണത്തിലാണ് മന്ത്രിക്കെതിരായ വാർത്ത വന്നത്. ആദ്യം വീട്ടമ്മയോട് മന്ത്രി മോശമായി സംസാരിച്ചുവെന്നാണ് പറഞ്ഞിരുന്നതെങ്കിൽ പിന്നീടത് ഹണിട്രാപ്പാണെന്ന് ചാനൽ മാറ്റി പറഞ്ഞു. ചാനൽ ജീവനക്കാരിയും മന്ത്രിയുമായിട്ടായിരുന്നു സംഭാഷണമെന്നും പുറത്തുവന്നു. ചാനലിനെതിരെ കേസുമായി. അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും കമ്മീഷൻ റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിനിടിയിൽ ചാനൽ സി ഇ ഒയെയും ചാനലിലെ ചില മാധ്യമ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ശശീന്ദ്രൻ രാജിവെച്ച ഒഴിവിൽ ഏപ്രിൽ ഒന്നിന് എൻ സി പിയുടെ രണ്ടാമത്തെ എം എൽ എയായ തോമസ് ചാണ്ടി മന്ത്രിയായി. എന്നാൽ കുട്ടനാട്ടിലെ കായൽ കൈയേറി നികത്തിയെന്ന ആരോപണം ഉയർന്നു. മാധ്യമങ്ങളുടെ റിപ്പോർട്ടുകളെ ശരിവെയ്ക്കുന്നതായിരുന്നു കലക്ടറുടെ അന്വേഷണ റിപ്പോർട്ടും മന്ത്രി ഇതിനിടിയിൽ കലക്ടറുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. മന്ത്രിക്കെതിരായി കോടതി വിധി. സർക്കാരും കോടതിയുടെ വിമർശനം ഏറ്റുവാങ്ങി. മന്ത്രി സർക്കാരിനെതിരെ കോടതിയെ സമീപിച്ചുവെന്നായി കാര്യങ്ങൾ. മന്ത്രിസഭായോഗത്തിൽ നിന്നും സി പി ഐയുടെ നാല് മന്ത്രിമാർ വിട്ടു നിന്നു. തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചാണ് അവർ മാറിനിന്നത്. അവസാനം തോമസ് ചാണ്ടി രാജിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് തോമസ് ചാണ്ടി.
ഈ വർഷത്തിൽ ലോ അക്കാദമി ലോ കോളേജിലെ വിവാദങ്ങൾ ക്യാംപസും കടന്ന് പുറത്തു വന്നു. സിപിഐയും സി പിഎമ്മും തമ്മിലുളള തർക്കമായി അത് വളർന്നു. സ്വകാര്യ ലോകോളേജിനുളളിൽ നടക്കുന്ന മാനേജ്മെന്രിന്രെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനത്തിനെതിരായി ആരംഭിച്ച പ്രതിഷേധം കോളജിന്രെ മുഴുവൻ വിഷയങ്ങളെയും ഉൾപ്പെടുത്തി വലുതായി.
ഡി ജി പിയായിരുന്ന ടി പി സെൻകുമാറിനെ തൽസ്ഥാനത്ത് മാറ്റി നടപടിക്കെതിരെ സെൻകുമാറിന് അനുകൂലമായി സുപ്രീം കോടതി വിധിച്ചു. ഇതോടെ സർക്കാർ വെട്ടിലായി. സെൻകുമാറിന് വീണ്ടും ഡി ജി പി സ്ഥാനം നൽകേണ്ടി വന്നു. ഇതിന് ശേഷം സർക്കാരിനെ വെട്ടിലാക്കിയത് മുഖ്യമന്ത്രി നിയമസഭയിൽ പോലും പ്രതിരോധിച്ച ജേക്കബ് തോമസ് ആണ്. അദ്ദേഹത്തിന്രെ നടപടികൾ സർക്കാരിനെ പ്രതിരോധത്തിലാക്കി. അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ എം എബ്രഹാമിന്രെ വസതിയിലെ വിജിലൻസ് റെയ്ഡ് ഉൾപ്പടെയുളള സംഭവങ്ങൾ വിവാദങ്ങളെ കത്തിച്ചു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് എടുത്ത നിലപാടുകൾക്കെതിരെയും ആരോപണങ്ങളുയർന്നു. വിവാദങ്ങൾ ഉയർന്നതോടെ ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചു. തിരികെ എത്തിയ അദ്ദേഹത്തിന് വീണ്ടും പഴയ അവസ്ഥയായി. പൊലീസിൽ നിയമനം നൽകിയില്ല പകരം നൽകിയത് ഐ എം ജിയുടെ ഡയറക്ടർ സ്ഥാനം. അതിനിടയിൽ ജേക്കബ് തോമസ് എഴുതിയ ആത്മകഥ വിവാദമായി. അതിനെതിരെ കോൺഗ്രസ് എം എൽ എ കെ സി ജോസഫ് മുഖ്യമന്ത്രിക്ക് ചട്ടലംഘനം ആണെന്ന് കാണിച്ച് പരാതി നൽകി. ആ റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെ രണ്ടാമത്തെ പുസ്തകവും ജേക്കബ് തോമസ് എഴുതി. ആ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെ അഴിമതി വിരുദ്ധ ദിനത്തിൽ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തു.
ടോമിൻ തച്ചങ്കരി എന്ന പൊലീസ് ഉദ്യോഗസ്ഥൻ പതിവ് തെറ്റിക്കാതെ ഈ വർഷവും വിവാദത്തിൽ ഇടം പിടിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെയുളള വിവാദങ്ങൾ, തച്ചങ്കരി ഫയലുകൾ ചോർത്തി എന്ന ഡി ജി പിയായിരുന്ന സെൻകുമാറിന്രെ ആരോപണം. ഹോട്ടൽ ബില്ല അടയ്കക്കാതെ പോയി കേരളാ ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടരായി സ്വീകരിച്ച നടപടികൾ വിവാദമായി ആസ്ഥാനവും പോയി. തുടങ്ങിയ വിവാദങ്ങളായിരുന്നു പ്രധാനമായും ഇത്തവണ തച്ചങ്കരി ഈ വർഷത്തിന് സംഭാവന ചെയ്തത്.
മൂന്നാർ വർഷങ്ങളായി വിവാദത്തിന്രെ മലകയറ്റമാണ് നടക്കുന്നത്. ഇത്തവണയും വിവാദം ഒട്ടും പുറകെ പോയില്ല. എപ്പോഴെങ്കിലും വിവാദങ്ങളുടെ മഞ്ഞുരുകാതിരിക്കുന്നതിൽ എല്ലാവരും ബദ്ധശ്രദ്ധരാണ്. വാക്കുകൾ കൊണ്ട് വിവാദങ്ങളുടെ മഞ്ഞ് മലകളാണ് ഇവർ സൃഷ്ടിക്കുന്നത്. പൊമ്പിളൈ ഒരുമൈയിലെ സ്ത്രീകളെ കുറിച്ച് വൈദ്യുത മന്ത്രി എം എം മണി നടത്തിയ പരാമർശം വിവാദമായി. ദേവികുളം സബ് കലക്ടർക്കെതിരായ പരാമർശങ്ങളുടെ പേരിൽ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് അടുത്ത വിവാദത്തിന് തിരികൊളുത്തിയത്. ഇതിനെതിരെ മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നിരാഹാരം സമരം അനുഷ്ഠിച്ചു. അതോടെ വിഷയം വീണ്ടും കത്തി.
മലയിറങ്ങാതെ നടന്ന വിവാദങ്ങളിവയാണ്. ഇത്തവണയും മഞ്ഞുരുകാതെ നിന്നത് മൂന്നാറിലും പരിസര പ്രദേശത്തെയും കൈയേറ്റമൊഴിപ്പിക്കൽ വിവാദമായിരുന്നു. ദേവികുളം സബ് കല്കടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ജോലിയുടെ ഭാഗമായി സ്വീകരിച്ച കൈയേറ്റമൊഴിപ്പിക്കൽ നടപടികൾ സംസ്ഥാനം ഭരിക്കുന്ന പ്രധാന കക്ഷികളായ സിപി എമ്മും സി പിഐയും തമ്മിലുളള തർക്കത്തിനാണ് വഴിയൊരുക്കിയത്. പാപ്പാത്തി ചോലിയിലെ കൈയേറ്റ ഭൂമിയിൽ സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത നടപടി ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തി. ആ നടപടിക്കെതിരെയും അനുകൂലമായും ഏറെപേർ രംഗത്തുവന്നു. വൈദികർക്കിടിയിലും രാഷ്ട്രീയക്കാർക്കിടയിലും അനുകൂലിച്ചും പ്രതികൂലിച്ചുമുളള രണ്ട് ചേരികൾ തന്നെ രൂപപ്പെട്ടു. അതിന് ശേഷം ശ്രീറാം വെങ്കിട്ടരാമനെ സബ് കലക്ടർ സ്ഥാനത്ത് നിന്നും മാറ്റി എംപ്ലോയ്മെന്ര് ഡയറക്ടറായി നിയമിച്ചതും വിവാദത്തിന് വഴിയൊരുക്കി.
ഈ വിവാദങ്ങളുടെ പിന്നാലെയാണ് പുതിയ സബ് കലക്ടറായി പ്രേംകുമാറിനെ നിയോഗിക്കുന്നത്. അദ്ദേഹം ചുമതലയേറ്റ് ഏറെ കഴിയും മുമ്പ് ഇടുക്കി എം പി ജോയ് സ് ജോർജ് ഉൾപ്പടെയുളളവരുടെ പേരിലുളള ആരോപണം പുനരേന്വഷിക്കാൻ ആരംഭിച്ചു. കൊട്ടക്കമ്പൂരിൽ ഭൂമിയുമായി ബന്ധപ്പെട്ട ആരോപണമായിരുന്നു ഇത്. ഇത് വിവാദമായി. നിർദ്ദിഷ്ട നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും മുറുകി. ഇപ്പോഴും നീലക്കുറിഞ്ഞി വിവാദം പൂത്തുനിൽക്കുകയാണ് കേരളത്തിൽ. നീലക്കുറിഞ്ഞി സങ്കേതത്തിന്രെ സ്ഥലം കുറയ്ക്കുമെന്നും ഇല്ലെന്നും ഭരണമുന്നണിയിൽപ്പെട്ടവരും വകുപ്പുകളും പരസ്പരം പറയുന്നതും ഇവിടുത്തെ ഭൂമി കൈയേറ്റവുമൊക്കെ വിവാദത്തിന് വെളളവും വളവുമായി മാറി.