തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളില്‍ പല കാര്യങ്ങളും രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ അറിയാതെ നടന്നതാണെന്നും  എന്നാൽ  ചിലത് ആസൂത്രണം ചെയ്ത് നടന്നിട്ടുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇത് കണ്ണൂരില്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സി.പി.എം, ബി.ജെ.പി നേതാക്കള്‍ തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ നേതാക്കള്‍ പറഞ്ഞതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ചിലത് വാക്ക് തര്‍ക്കം, പോസ്റ്റര്‍ ഒട്ടിക്കല്‍, ചുവരെഴുത്ത് തുടങ്ങി പ്രാദേശികമായി ഉണ്ടാകുന്ന പ്രശ്നങ്ങളുടെ പേരിലുള്ള തര്‍ക്കവും വഴക്കും  കാരണം സംഭവിക്കുന്നതാണ്.

കണ്ണൂരിലെ രാഷ്ട്രീയ അക്രമം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങളെ അറിയിക്കാതെ രണ്ട് തവണ സി.പി.എം, ബി.ജെ.പി നേതാക്കള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തില്‍ ഇരു പാര്‍ട്ടി നേതൃത്വവും തമ്മില്‍ ഉണ്ടായ ധാരണ പൊളിക്കാന്‍ ആര്‍.എസ്.എസിന്റെ ഏതോ ചില കേന്ദ്രങ്ങള്‍ തീരുമാനിച്ചതിന്റെ ഫലമാണ് ആര്‍.എസ്.എസ് ദേശീയ തലത്തില്‍ സി.പി.എമ്മിന് എതിരെ നടത്തുന്ന പ്രചരണം. ഇപ്പോള്‍ കണ്ണൂരില്‍ ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതാക്കള്‍ പരസ്പരം വിളിക്കുന്നുണ്ട്. ഒരക്രമവും എവിടെയും നടത്താന്‍ പാടില്ലെന്ന് പ്രവര്‍ത്തകരോട് സി.പി.എം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാര്‍ട്ടി എടുത്ത നിലപാട് സി.പി.എം പാലിക്കും. അവരും ആ ഉറപ്പ്  പാലിക്കുമെന്നാണ് വിശ്വാസം.

പുതിയ മദ്യനയം എല്‍.ഡി.എഫ് ഈ മാസം തന്നെ തീരുമാനിക്കും. ഇതേക്കുറിച്ചുളള അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ പരിഗണിച്ചാവും തീരുമാനിക്കുക. മദ്യനയം സംബന്ധിച്ച് അവ്യക്തതയൊന്നുമില്ല. ഇപ്പോള്‍ എല്‍.ഡി.എഫില്‍ ചര്‍ച്ച നടന്നിട്ടില്ല. ടൂറിസം മേഖലക്ക് ഇളവ് നല്‍കുന്നത് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും ചർച്ച ഉണ്ടായില്ല. ടൂറിസം മേഖലയിലെ പ്രശ്നം എന്താണ്, നിരോധനം ഏര്‍പെടുത്തിയത് മൂലമുണ്ടായ മാറ്റം എല്ലാം പരിശോധിച്ചാവും തീരുമാനം. ഇപ്പോഴത്തെ നയം തുടരണമെങ്കില്‍ അങ്ങനെയാവും അല്ല മാറ്റം വരുത്തണമെങ്കില്‍ അതാവും.

ഇ.എം.എസ് അക്കാദമിയെ അനൗദ്യോഗിക സര്‍വകലാശാലയാക്കി മാറ്റും.  ഇതിനായി മാര്‍ക്സിസം ലെനിനിസത്തെ അടിസ്ഥാനമാക്കിയുളള പഠന ഗവേഷണങ്ങള്‍ ഏറ്റെടുക്കാനാണ് സി പി എം തീരുമാനം. തുടക്കത്തിൽ​ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘സമകാലീന ഇന്ത്യ- പ്രശ്നങ്ങളും സാധ്യതകളും’ എന്ന പേരിലുള്ള കോഴ്സ് ഏപ്രില്‍ മുതല്‍ ആരംഭിക്കും. പങ്കെടുക്കുന്നവരുടെ സൗകര്യമനുസരിച്ച് ഒഴിവ് ദിവസങ്ങളായ ശനിയാഴ്ചയും ഞായറാഴ്ചയും ആണ് ക്ളാസുകള്‍ നടത്തുക. പഠന കോഴ്സിന് രണ്ടായിരം   രൂപയാണ് ഫീസ്.

യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന ആര്‍.എസ്.പിയും ജനതാള്‍ (യു)വും പുനര്‍വിചിന്തനം നടത്തണം. എല്‍.ഡി.എഫിനൊപ്പം വരണമെന്ന് ആഗ്രഹിക്കുന്ന പലരും അപ്പുറത്ത് നില്‍ക്കുകയാണ്. അവിടെ ഇനി രക്ഷയില്ല. അവരുടെ മുന്നില്‍ വാതില്‍ അടച്ചിട്ടില്ല. അധികാരം ഉണ്ടെന്ന് കരുതി ആരും എല്‍.ഡി.എഫിലേക്ക് വരേണ്ടതില്ലെന്ന അഭിപ്രായമില്ല. എല്‍.ഡി.എഫിന്‍െറ രാഷ്ട്രീയ നിലപാടിനൊപ്പം നില്‍ക്കുന്നവരെ കൂടുതല്‍ ഉള്‍പെടുത്തി എല്‍.ഡി.എഫ് വിപുലീകരിക്കും. വരുന്നവരെ പാര്‍ട്ടി എന്ന നിലയില്‍ പരിശോധിച്ച് തീരുമാനിക്കും.

ആര്‍. ബാലകൃഷ്ണ പിള്ള, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ മുന്നണി പ്രവേശനം എന്നിവരുടെ കാര്യത്തിൽ മുന്നണി വിപുലീകരണവും പുതിയ കക്ഷികളെ ചേര്‍ക്കുന്നതും സംബന്ധിച്ചും ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഐ.എന്‍.എല്‍ 22 വര്‍ഷമായി എല്‍.ഡി.എഫിനൊപ്പം നില്‍ക്കുകയാണ്. അവര്‍ ഉള്‍പെടെയുള്ളവരെ ചേര്‍ക്കുന്നത് എല്‍.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. സി.പി.എമ്മിന് മാത്രമായി തീരുമാനിക്കാനാവില്ലെന്ന് കോടിയേരി പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ