പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്. അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് നിര്‍ബന്ധമായും പോളിയോ തുള്ളിമരുന്ന് നല്‍കണം. പള്‍സ് പോളിയോ ഇമ്മ്യുണേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പോളിയോ വാക്‌സിന്‍ വിതരണം ചെയ്യുക.

പോളിയോ മയലറ്റിസ് അഥവാ പിള്ളവാതം സമൂഹത്തില്‍ നിന്നും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. അഞ്ച് വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഇന്ന് പോളിയോ തുള്ളിമരുന്ന് നല്‍കും. തിരുവനന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലാണ് മന്ത്രി കെ.കെ ശൈലജ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുക.

ഇന്ന് ബൂത്ത് തല ഇമ്മ്യൂണൈസേഷനും നാളെയും മറ്റന്നാളും വീടുവീടാന്തരം കയറി തുള്ളിമരുന്ന് നല്‍കുകയുമാണ് ചെയ്യുന്നത്. രാജ്യത്തെ പോളിയോ വിമുക്ത രാജ്യമായി നിലനിര്‍ത്തുകയും ലോകത്തെ പോളിയോ വിമുക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് പൾസ് പോളിയോ ദിനത്തിനുള്ളത്.

അഞ്ചു വയസില്‍ താഴെയുളള 24,50,477 കുട്ടികള്‍ക്കാണ് പോളിയോ തുളളി മരുന്നു നല്‍കാന്‍ ലക്ഷ്യമിടുന്നത്. ഇതിനായി 24,247 വാക്‌സിനേഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭവന സന്ദര്‍ശനത്തിനായി 24,247 ടീമുകള്‍ക്ക് പരിശീലനം നല്‍കി.

Read Also: Horoscope of the Week (Jan 19 -Jan 25 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമേ റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡിലും അംഗന്‍വാടികളിലും ഉള്‍പ്പെടെ മറ്റ് സ്ഥലങ്ങളിലും ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലെ അഞ്ച് വയസിന് താഴെയുളള കുഞ്ഞുങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ പോളിയോ വാക്‌സിന്‍ നല്‍കും.

ഒരു കുഞ്ഞു ജനിച്ച് അധികം വൈകാതെ തന്നെ പോളിയോ തുള്ളിമരുന്ന് നല്‍കുന്നുണ്ട്. ഇതുവഴി ആ കുഞ്ഞിന് പോളിയോ രോഗത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നുണ്ട്. എന്നാല്‍, പള്‍സ് പോളിയോ എല്ലാ കുഞ്ഞുങ്ങൾക്കും ഒരേ ദിവസം തുള്ളിമരുന്ന് നൽകുന്നത് രാജ്യം മുഴുവൻ ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ്. പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിൽ നിന്ന് ആരും മാറിനിൽക്കരുതെന്നും അതിനെതിരായ കുപ്രചരണങ്ങളെ തള്ളിക്കളയണമെന്നും ആരോഗ്യവകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ച് വയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. രോഗ പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം പോളിയോ വാക്‌സിന്‍ നല്‍കിയിട്ടുളള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനങ്ങളില്‍ പോളിയോ തുളളി മരുന്ന് നല്‍കേണ്ടതാണ്. നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുളള എല്ലാ കുട്ടികള്‍ക്കും ഈ ദിവസം പോളിയോ വാക്‌സിന്‍ നല്‍കേണ്ടതാണ്. പള്‍സ് പോളിയോ ദിനത്തില്‍ വാക്‌സിന്‍ ലഭിക്കാതെ പോയ കുട്ടികളെ കണ്ടെത്തി അതിനടുത്തുളള ദിവസങ്ങളില്‍ അവരുടെ വീടുകളില്‍ ചെന്ന് വോളണ്ടിയര്‍മാര്‍ പോളിയോ തുള്ളി മരുന്ന് നല്‍കുന്നതിനുളള സജ്ജീകരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.