ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീവച്ചുകൊന്നു. സൗമ്യ പുഷ്കർ(30) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസുകാരനായ പ്രതി പിടിയിലായി. സൗമ്യ ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറില്‍ വരുന്ന വഴി കാറിടിച്ചു വീഴ്ത്തി പ്രതി ആക്രമിക്കുകയായിരുന്നു. വാള് കണ്ട് വെട്ടി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു. ആക്രമണത്തിനിടെ പ്രതിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പൊളളലേറ്റത്. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.
ഇന്ന് വൈകിട്ട് 3.30ഓടെയാണ് സംഭവം ഉണ്ടായത്. നാട്ടുകാര്‍ ഓടി എത്തുമ്പോഴേക്കും സൗമ്യ പൂര്‍ണമായും അഗ്നിക്കിരയായിരുന്നു. അക്രമം നടത്തിയ യുവാവ് പൊലീസുകാരനാണ്. അജാസ് എന്ന പൊലീസുകാരനാണ് അക്രമം നടത്തിയത്. ഇയാള്‍ ആലുവ ട്രാഫിക് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.
പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തും മുമ്പ് വെട്ടി പരുക്കേല്‍പിച്ചിരുന്നു. മൂന്ന് മക്കളുടെ അമ്മയാണ് സൗമ്യ. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. പ്രതി ഇപ്പോള്‍ വളളിക്കുന്നം പൊലീസിന്റെ കസ്റ്റഡിയിലാണ്. സൗമ്യയുമായി അജാസിനേ നേരത്തേ സൗഹൃദം ഉണ്ടായിരുന്നതായാണ് വിവരം.
വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. സൗമ്യ ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയം നോക്കിയാണ് പ്രതി ആക്രമണം നടത്തിയത് എന്നത് കൊണ്ട് തന്നെ നേരത്തേ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ക്ലാപ്പന വരവിള തണ്ടാശ്ശേരിൽ പുഷ്പാകരൻ-ഇന്ദിര ദമ്പതികളുടെ മകളാണ്. ഏഴാം ക്ലാസ് വിദ്യാർഥി ഋഷികേശ്, ആറാം ക്ലാസുകാരൻ ആദിശേഷ്, മൂന്നര വയസ്സുകാരി ഋതിക എന്നിവരാണ് മക്കൾ.