കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോൺഗ്രസ് എംഎല്‍എമാരുടെ മൊഴിയെടുക്കും. തൃക്കാക്കര എംഎല്‍എ പി.ടി.തോമസ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരില്‍ നിന്നാണ് അന്വേഷണസംഘം മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുഎംഎല്‍എമാരും ഇന്ന് തിരുവനന്തപുരത്തായതിനാല്‍ അവിടെയെത്തി ഇരുവരുടേയും മൊഴിയെടുക്കാനാണ് തീരുമാനം.

സംഭവം നടന്ന രാത്രിയില്‍ നടിയെ സംവിധായകന്‍ ലാലിന്റെ വീട്ടില്‍ അക്രമിസംഘം ഉപേക്ഷിച്ചപ്പോള്‍ അവിടെ ആദ്യമെത്തിയവരില്‍ ഒരാള്‍ തൃക്കാക്കര എംഎല്‍എയായ പിടി തോമസായിരുന്നു. നടിയുടെ ഡ്രൈവറായ മാര്‍ട്ടിനെ അറസ്റ്റ് ചെയ്യാൻ പോലീസിനെ സഹായിച്ചതും ഐജി പി വിജയന് സംഭവം സംബന്ധിച്ച് വിവരമറിയിച്ചതും പിടി തോമസാണ്.

കേസില്‍ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തെന്ന നിലയിലാണ് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്. നടി ആക്രമിക്കപ്പെടുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ താന്‍ ദിലീപിനെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവെന്നും പിന്നീട് സംഭവം നടന്ന് പിറ്റേ ദിവസമാണ് അദ്ദേഹത്തെ ലൈനില്‍ കിട്ടിയതെന്നുമാണ് മാധ്യമങ്ങളോട് അന്‍വര്‍ സാദത്ത് പറഞ്ഞിരുന്നു.

കേസില്‍ സഹായം ചോദിച്ചിട്ടില്ലെന്നും തനിക്കു സഹായിക്കാനുള്ള പരിമിതി ദിലീപിനറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.”കേസുമായി ബന്ധപ്പെട്ടു ദിലീപിന്റെ പേര്‌ മാധ്യമങ്ങളിലും മറ്റും ഉയര്‍ന്നുവന്നപ്പോഴെല്ലാം ഫോണില്‍ കാര്യങ്ങള്‍ തിരക്കിയിട്ടുണ്ട്‌.
അപ്പോഴെല്ലാം കേസില്‍ തനിക്കു യാതൊരു ബന്ധവുമില്ലെന്നും പള്‍സര്‍ സുനിയെ മുന്‍ പരിചയമില്ലെന്നുമാണു മറുപടി ലഭിച്ചത്‌. വിദേശയാത്രയ്‌ക്കു പോകുന്ന ദിവസം ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ വീടിനു സമീപത്തെ ക്ഷേത്രം ചൂണ്ടിക്കാട്ടി “തേവരാണെ സത്യം” ഞാന്‍ ചെയ്‌തിട്ടില്ലെന്നാണു ദിലീപ്‌ പറഞ്ഞത്‌.

വര്‍ഷങ്ങളായി ദിലീപുമായി ബന്ധമുണ്ട്‌. നാട്ടുകാരും സുഹൃത്തുമാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. നല്ല ബന്ധം നിലനിര്‍ത്തിയിരുന്നതിനാലാണ്‌ ആരോപണം ഉയര്‍ന്നപ്പോഴെല്ലാം നിരന്തരം ദിലീപുമായി ബന്ധപ്പെട്ടത്‌. സംഭവത്തിന്റെ യാഥാര്‍ഥ്യം അറിയുകയായിരുന്നു ലക്ഷ്യം. ഒളിച്ചുപോയി കണ്ടിട്ടില്ല. കണ്ടതും സംസാരിച്ചതും എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്‌. നടി ആക്രമണത്തിന്‌ ഇരയാകുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഗള്‍ഫിലെ സ്‌കൂള്‍ ഉദ്‌ഘാടനത്തിനു ക്ഷണിക്കാന്‍ ദിലീപിനെ വിളിച്ചിരുന്നെങ്കിലും ഫോണില്‍ കിട്ടിയില്ല. ഇതിന്റെ തുടര്‍ച്ചയായാണ്‌ ആക്രമണത്തിനു തൊട്ടടുത്ത ദിവസവും ദിലീപിനെ വിളിക്കാന്‍ ഇടയായത്‌. അന്നു ഫോണില്‍ കിട്ടിയപ്പോള്‍ ഉദ്‌ഘാടന വിവരം സൂചിപ്പിച്ചു. തീയതി അറിയിച്ചാല്‍ മതിയെന്നായിരുന്നു മറുപടി. ദിലീപുമായി പണം, റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടില്ല. എന്നോട്‌ ഹാജരാകാന്‍ പോലീസ്‌ ആവശ്യപ്പെട്ടിട്ടില്ല. ഏതന്വേഷണവുമായും സഹകരിക്കും. അന്വേഷണം ശരിയായ ദിശയിലാണെന്ന്‌ എല്ലാവരും പറയുന്നു. ദിലീപ്‌ തെറ്റുകാരനാണെന്നു പോലീസ്‌ പറയുന്നു. തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ തക്കതായ ശിക്ഷ നല്‍കണം. എനിക്കും രണ്ടു പെണ്‍മക്കളുണ്ട്‌. ഇത്തരം കാര്യത്തിന്‌ ഒരിക്കലും കൂട്ടുനില്‍ക്കില്ല. ഇരയ്‌ക്കൊപ്പമാണ്‌ എന്നും. കേരളത്തിന്റെ വികാരവും അതാണ്‌. ആ വികാരത്തോടൊപ്പം നില്‍ക്കുന്നു. ആക്രമണത്തിനിരയായ നടിയുമായും അവരുടെ കുടുംബവുമായി നല്ല ബന്ധമാണുള്ളത്‌. സംഭവത്തിനുശേഷം നടിയുടെ വീട്ടില്‍പോയി കണ്ടിരുന്നു. ഒരു സഹോദരിക്കും ഇതു സംഭവിക്കാന്‍ പാടില്ല.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട്‌ എന്നെ ചോദ്യംചെയ്യാന്‍ നീക്കം നടത്തുന്നതു രാഷ്‌ട്രീയപ്രേരിതമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. എല്‍ഡിഎഫ്‌ എംഎല്‍എമാരെക്കുറിച്ചുള്ള ആക്ഷേപം ബാലന്‍സ്‌ ചെയ്യാനാണ്‌ എന്റെ പേര്‌ വലിച്ചിഴയ്‌ക്കുന്നത്‌.

പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട്‌ സി.പി.എം. സംഘടിപ്പിച്ച ഇല്ലി നടീല്‍ പരിപാടിയില്‍ ദിലീപ്‌ പങ്കെടുത്തിരുന്നു. എന്റെ മണ്ഡലത്തില്‍ ഞാന്‍ നടത്തിയ വിവിധ പരിപാടികളിലും ദിലീപ്‌ സംബന്ധിച്ചിട്ടുണ്ട്‌. എല്ലാവരുടെയും പരിപാടിയില്‍ പങ്കെടുക്കുക ദിലീപിന്റെ രീതിയാണ്‌. ഇതില്‍ രാഷ്‌ട്രീയം കാണുന്നത്‌ ശരിയല്ല. സംഭവവുമായി ബന്ധപ്പെട്ട്‌ എന്നെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐ. നേതാവ്‌ പരാതി നല്‍കി. ഇതില്‍ നിന്നുതന്നെ അവരുടെ രാഷ്‌ട്രീയലക്ഷ്യം വ്യക്‌തമാണ്‌. ഇന്നസെന്റ്‌ എം.പിക്കെതിരേ പരാതിയുമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ എന്നെ സമീപിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കുന്നതിന്‌ അനുമതി ആവശ്യപ്പെട്ടാണ്‌ എത്തിയത്‌. എന്നാല്‍, വിഷയം രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ പ്രവര്‍ത്തകരെ മടക്കിയയയ്‌ക്കുകയായിരുന്നു” അന്‍വര്‍ സാദത്ത്‌ മാധ്യമപ്രവർത്തകരോട് പറഞ്ഞതിങ്ങനെ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ