തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയ്ക്ക് എതിരായി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതി വിധി ലംഘിച്ചാണ് സമരം നടന്നതെന്നും പൊലീസ് സ്വീകരിച്ചത് നിയമാനുസൃത നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
സമരം ഹൈക്കോടതി വിധിയുടെ ലംഘനവും ക്രമസമാധാന പ്രശ്‌നവും ഉണ്ടാക്കി. കേസില്‍ തുടര്‍നടപടി പുരോഗമിക്കുകയാണ്. സമര സ്ഥലത്തില്ലാത്ത ആര്‍ച്ച്ബിഷപ്പിനെതിരെ കേസെടുത്തത് ശരിയാണോ എന്ന അനൂപ് ജേക്കബിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
തുറമുഖ നിര്‍മ്മാണത്തിനെതിരെ വിഴിഞ്ഞത്ത് സമരസമിതി നടത്തിയ സമരമാണ് സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയത്. പൊലീസ് സ്റ്റേഷന്‍ അടക്കം അടിച്ചു തകര്‍ത്താണ് സംഘര്‍ഷം അരങ്ങേറിയത്. സംഭവത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാംപ്രതിയാക്കി മൂന്നു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തുന്ന രീതിയില്‍ സമരം നടത്തിയതിനും പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയതിനും അന്യായമായി സംഘം ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കിയതിനുമാണ് വൈദികര്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.
തുറമുഖത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗൂഢാലോചന അടക്കം വിവിധ വകുപ്പുകളിട്ടാണ് ഡോ. തോമസ് ജെ നെറ്റോയും, സഹായമെത്രാന്‍ ആര്‍ ക്രിസ്തുദാസും അടക്കം അമ്പതോളം വൈദികര്‍ക്കെതിരെ കേസ്. പദ്ധതി പ്രദേശത്തെ സമരപ്പന്തിലേക്ക് സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയ കണ്ടാലറിയുന്ന ആയിരക്കണക്കിന് പേരും പ്രതിയാണ്.