/indian-express-malayalam/media/media_files/uploads/2018/11/trupti-desai.jpg)
കൊച്ചി: ശബരിമല ക്ഷേത്രത്തിലേക്ക് പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മല കയറാൻ എത്തുന്ന ഭൂമാത ബ്രിഗേഡിന്റെ പ്രവർത്തക തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകില്ല. എല്ലാ തീർത്ഥാടകർക്കുമുള്ള പരിഗണന തന്നെ തൃപ്തി ദേശായിക്ക് നൽകിയാൽ മതിയെന്നാണ് വിലയിരുത്തൽ.
ശബരിമല ദർശനത്തിന് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടുള്ള തൃപ്തി ദേശായിയുടെ കത്തിന് പൊലീസ് മറുപടി നൽകില്ല. അതേസമയം, മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിക്കാനിരിക്കെ കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. സുരക്ഷ വിലയിരുത്താൻ ഡിജിപി ലോക്നാഥ് ബെഹ്‍റ ഇന്ന് ശബരിമല സന്ദർശിക്കും.
ഇന്നലെയാണ് പ്രത്യേക സുരക്ഷ അവശ്യപ്പെട്ടുകൊണ്ട് തൃപ്തി ദേശായി ഡിജിപിക്ക് കത്ത് അയച്ചത്. ഡിജിപിക്ക് പുറമെ കേരള മുഖ്യമന്ത്രി പിണറായി വിജയനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനും പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പുണെ പൊലീസിനും കത്ത് അയച്ചിരുന്നു.
കൊച്ചിയിൽ വിമാനം ഇറങ്ങിക്കഴിഞ്ഞാൽ പിന്നീട് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിപ്പോകുന്നത് വരെയുളള കാര്യങ്ങളിലാണ് സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ മാസം 16-ാം തീയതിയാണ് ഇവർ കൊച്ചിയിൽ എത്തുക. വിമാന മാർഗം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന സംഘം ഇവിടെ നിന്ന് കാറിൽ കോട്ടയത്തേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. സുരക്ഷ ഭീഷണിയുളളതിനാൽ വാഹനം സർക്കാർ ഏർപ്പെടുത്തി നൽകണം. വാഹനങ്ങൾ വാടകയ്ക്ക് എടുത്താൽ ആക്രമിക്കപ്പെടാനുളള സാധ്യതയുണ്ടെന്ന് കത്തിൽ പറയുന്നു.
കോട്ടയത്ത് എത്തുന്ന സംഘത്തിന് ഇവിടെ താമസിക്കാൻ സർക്കാർ ഗസ്റ്റ് ഹൗസോ, ഹോട്ടൽ മുറികളോ സർക്കാർ തന്നെ ഇടപെട്ട് അനുവദിക്കണം എന്നാണ് രണ്ടാമത്തെ ആവശ്യം.
17 ന് പുലർച്ചെ അഞ്ച് മണിക്കാണ് കോട്ടയത്ത് നിന്നും പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് എത്തിച്ചേരാൻ സാധിക്കും വിധമാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. യാത്രയിൽ നിന്ന് പിന്മാറാൻ ഒരു തരത്തിലും ആഗ്രഹിക്കുന്നില്ലെന്ന തരത്തിലാണ് കത്ത്. ഇതിൽ ഭക്ഷണം താമസം എന്നിവയ്ക്ക് പുറമെ തങ്ങൾക്ക് ശക്തമായ പൊലീസ് കാവൽ വേണമെന്ന ആവശ്യവും പറയുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.