കൊച്ചി: മേയർ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകൻ ജൂഡ് ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂഡിനെ ഇന്നുതന്നെ അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം സെൻട്രൽ സ്റ്റേഷൻ സിഐ അനന്തലാൽ നേരത്തേ ഐഇ മലയാളത്തോട് പറഞ്ഞിരുന്നു.

സിനിമാ ഷൂട്ടിങ്ങിനു മറൈൻ ഡ്രൈവിനു സമീപത്തെ സുഭാഷ് പാർക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടാണ് ജൂഡ് ആന്റണി മേയറെ കാണാനെത്തിയത്. മേയർ ഇതിനു അനുവാദം നൽകിയില്ല. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാസാക്കിയ നിയമപ്രകാരം ഷൂട്ടിങ് അടക്കമുള്ള കാര്യങ്ങള്‍ക്ക് പാര്‍ക്ക് വിട്ടുനല്‍കുന്നതിന് വിലക്കുണ്ടെന്ന് മേയര്‍ സംവിധായകനെ അറിയിച്ചു. ഇതിൽ കുപിതനായ ജൂഡ് മേയറെ ഭീഷണിപ്പെടുത്തുകയും മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് മേയർ ജൂഡിനെതിരെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽനിന്നും പിന്മാറില്ലെന്നും മുന്നോട്ടു പോകുമെന്നും മേയർ വ്യക്തമാക്കിയിട്ടുണ്ട്.

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. നിവിൻ പോളിയും നസ്റിയ നസിമും മുഖ്യവേഷത്തിലെത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. ഒരു മുത്തശ്ശി ഗദയാണ് ജൂഡിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ