തൃശൂർ: ഭിന്നലിംഗക്കാർക്കുനേരെ വീണ്ടു പൊലീസ് അതിക്രമം. അർധരാത്രിയിൽ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയ മൂന്നു ഭിന്നലിംഗക്കാരെ കാരണം കൂടാതെ പൊലീസ് മർദിക്കുകയായിരുന്നു. പരുക്കേറ്റ ഇവർ ജില്ലാ ആശുപത്രിയിൽ എത്തിയെങ്കിലും ചികിത്സ നൽകാൻ ആശുപത്രി അധികൃതർ തയാറായില്ലെന്നും തൃശ്ശൂര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയ പരാതിയിൽ പറയുന്നു.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബെംഗളൂരുവിൽ താമസ സ്ഥലത്തേക്ക് പോകുന്നതിനായി തൃശ്ശൂര്‍ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയതായിരുന്നു രാഗരഞ്ജിനിയും ദീപ്തിയും അലീനയും. ഭക്ഷണം കഴിക്കാനായി സ്റ്റാൻഡിനു മുന്‍പിലുള്ള ഹോട്ടലില്‍ കയറി. ഭക്ഷണത്തിനുശേഷം പുറത്തിറങ്ങിയ ഞങ്ങളെ ആ സമയം അവിടെ പൊലീസ് ജീപ്പിലെത്തിയ എസ്ഐ അടക്കമുള്ള കണ്ടാലറിയാവുന്ന മൂന്നംഗ പോലീസ് സംഘം ആക്രമിച്ചു. യാതൊരു ചോദ്യവും ചോദിക്കാതെ “പോടാ, പോടാ ഇവിടെയെങ്ങും കണ്ടു പോകരുത്” എന്നും കേട്ടാലറയ്ക്കുന്ന തെറി പറഞ്ഞും ചൂരല്‍ ഉപയോഗിച്ചു ഞങ്ങളെ തലങ്ങും വിലങ്ങും തല്ലുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ശരീരം മുഴുവന്‍ പരിക്കേറ്റ് ചികിത്സക്കായി തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയ ഞങ്ങളെ ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഇത്തരം കേസുകളൊന്നും ഇവിടെ എടുക്കില്ലെന്നും നിങ്ങള്‍ക്കിവിടെ ചികിത്സയില്ലെന്നും പറഞ്ഞു ഇറക്കി വിടാന്‍ ശ്രമിച്ചു. ആരെ വിളിച്ചു വരുത്തിയാലും ചികിത്സ കിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്നു ഞങ്ങളുടെ ഫോണ്‍ കാള്‍ പ്രകാരം ആശുപത്രിയില്‍ എത്തിയ ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റ് ശീതൾ ശ്യാം ഇടപെട്ടതിന് ശേഷമാണ് ഞങ്ങളെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കാന്‍ തയാറാവുകയും ചെയ്തതെന്നും പരാതിയിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ