തിരുവനന്തപുരം: മകന്റെ ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത് എസ്ഐ പരുഷമായി സംസാരിച്ചെന്ന് ഡിജിപിക്ക് മന്ത്രി പി.തിലോത്തമന്റെ പരാതി. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ വാഹനം ഒതുക്കി നിർത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇത് സാധിക്കാതെ വന്നതോടെയാണ് എസ്ഐ താക്കോൽ ഊരിയെടുത്തത്.
മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മന്ത്രി പി.തിലത്തമന്റെ മകൻ അർജുൻ സുഹൃത്തിനൊപ്പം ബൈക്കിൽ വരുന്നതിനിടെയാണ് ഈ സംഭവം. രോഷംപൂണ്ട എസ്ഐയെ സമീപിച്ച അർജുൻ, മന്ത്രിയുടെ മകനാണെന്ന് വ്യക്തമാക്കിയെങ്കിലും ശകാരം കേൾക്കേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ.
താക്കോൽ കൈവശപ്പെടുത്തിയ എസ്ഐ വാഹനത്തിന്റെ രേഖകളുമായി പൊലീസ് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബൈക്കിലെ അറയിൽ സൂക്ഷിച്ച രേഖകളെടുക്കാൻ താക്കോൽ വേണമെന്ന് അർജുൻ എസ്ഐയോട് പറഞ്ഞെങ്കിലും നൽകിയില്ലെന്നാണ് മന്ത്രി ഡിജിപിയോട് പറഞ്ഞത്.
എന്നാൽ മന്ത്രിയുടെ മകനാണ് അർജുനെന്ന് വ്യക്തമായതോടെ ബൈക്ക് പൊലീസ് തന്നെ വീട്ടിലെത്തിച്ച് നൽകി. മന്ത്രി ഡിജിപിയെ സംഭവം അറിയിച്ച ശേഷമാണ് പൊലീസ് ബൈക്ക് വീട്ടിലെത്തിച്ചത്. ആലപ്പുഴ ജില്ല പൊലീസ് മേധാവി ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിവൈഎസ്‌പിക്ക് നിർദ്ദേശം നൽകി.