തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി കേരള സര്‍ക്കാറിന്‍റെ രാഷ്ട്രീയ പകപോക്കലെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് എം.എം. ഹസന്‍. ശബരിമല പ്രശ്‌നത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനുളള സംസ്ഥാന സര്‍ക്കാറിന്‍റെ തന്ത്രത്തെ രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടും. പിണറായി സര്‍ക്കാറിന്‍റെ രാഷ്ട്രീയ പ്രതികാര നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും ഹസന്‍ പറഞ്ഞു.
പരാതി എഴുതി വാങ്ങി കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. കേസെടുക്കാൻ സാധ്യമല്ലെന്ന് പറഞ്ഞ വിഷയത്തിലാണ് സർക്കാറിന്‍റെ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൈംഗികപീഡന പരാതിയിൽ സരിത എസ്. നായരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇതിനു ശേഷമായിരിക്കും ഉമ്മൻ ചാണ്ടിയുടെയും കെ.സി. വേണുഗോപാലിന്‍റെയും മൊഴി രേഖപ്പെടുത്തുക. പീഡനങ്ങൾ നടന്നത് ഔദ്യോഗിക വസതികളിൽവെച്ചാണെന്നാണ് എഫ്ഐആറിലെ വിവരങ്ങൾ. 2012ൽ മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചുവെന്നാണ് സരിത മൊഴി നൽകിയിരിക്കുന്നത്. കെ.സി. വേണുഗോപാൽ പീഡിപ്പിച്ചത് റോസ് ഹൗസിൽ വച്ചെന്നുമാണ് മൊഴി.
എ.പി. അനിൽകുമാറിന്‍റെ ഔദ്യോഗിക വസതിയായിരുന്നു റോസ് ഹൗസ്. സരിതയുടെ പരാതിയിൽ ഉമ്മൻ ചാണ്ടിക്കും കെ.സി. വേണുഗോപാലിനുമെതിരേ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഉമ്മൻ ചാണ്ടിക്കെതിരേ പ്രകൃതി വിരുദ്ധ പീഡനക്കുറ്റവും വേണുഗോപാലിനെതിരേ മാനഭംഗക്കുറ്റവുമാണു ചുമത്തിയിരിക്കുന്നത്. സരിത എസ്. നായർ രണ്ടാഴ്ച മുന്‍പാണ് കേസിനാസ്പദമായ പരാതി നൽകിയത്.