കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ ന്യായീകരിച്ച് രംഗത്ത് വന്ന എംഎല്‍എ പി.സി ജോർജിനെ ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്. ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്ന പിസി ജോര്‍ജിന്റെ അഭിപ്രായപ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അദ്ദേഹത്തിന്റെ മൊഴിയെടുക്കുക.

എന്നാല്‍ തന്നെ ചോദ്യം ചെയ്യാമെന്ന മോഹത്തോടെ ആരും വരേണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു. താന് കളളുകുടിയനോ പെണ്ണുപിടിയനോ അല്ലെന്നും അത്തരക്കാരെ ചോദ്യം ചെയ്താല്‍ മതിയെന്നും അദ്ദേഹം മാതൃഭുമി ന്യൂസിനോട് പറഞ്ഞു. “വിരട്ടൊന്നും എന്നോട് വേണ്ട. ചോദ്യം ചെയ്യാമെന്ന മോഹത്തോടെ ആരും വരണ്ട. വേണമെങ്കില്‍ തന്റെ അഭിപ്രായം ചോദിച്ചാല്‍ പറയും,” അദ്ദേഹം വ്യക്തമാക്കി.

Read More : ‘പ്രഥമ ദൃഷ്ട്യ ദിലീപിനെതിരെ തെളിവുകൾ ഉണ്ട് ‘ – ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ഇവയൊക്കെ

ദിലീപിനെതിരായ കേസില്‍ സംശയമുണ്ടെന്നായിരുന്നു പിസി നേരത്തേ പറഞ്ഞത്. “നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നാണ്. സിപിഎമ്മിന്റൈ സെക്രട്ടറി പറഞ്ഞത് ഇരയോടൊപ്പമാണെന്നാണ്. നമ്മളും ഇരയോടൊപ്പമാണ്. മാധ്യമങ്ങളും ജനങ്ങളും ഇരയോടൊപ്പമാണ്. അത് ഒരു മന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയേണ്ടതില്ല. എപ്പോഴാണ് ഈ കേസ് ഇങ്ങനെയായത്..? 120 ബി ആണല്ലോ കേസ്. ഈ പിണറായി സര്‍ക്കാരിന്റെ കാലത്തുതന്നെ എത്രയോ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, കൊല്ലപ്പെട്ടിട്ടുണ്ട്. ഇതുപോലുള്ള പ്രശ്‌നങ്ങളും വലിയ ബഹളങ്ങളും ഇല്ലല്ലോ. ഇവിടെ ഉണ്ടായത് എന്താണ്. മുഖ്യമന്ത്രിയും മഞ്ജുവാര്യരും ഒരു വേദി പങ്കിട്ടു.

ആ വേദി പങ്കിട്ട് കഴിഞ്ഞപ്പോള്‍ കേസ് ആയി. ഗൂഢാലോചനയായി. അതിന് മുന്‍പ് എന്താ ഗൂഢാലോചന ഇല്ലാതിരുന്നത്. ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് ഞാന്‍ പറയാനില്ല. ഈ അന്വേഷണത്തില്‍ എനിക്ക് സംശയമുണ്ട്. ദിലീപിനെ പോലുള്ള നടനും നാദിര്‍ഷയെ പോലുള്ള കലാകാരനും പറ്റിയ വലിയ അപകടം മാധ്യമങ്ങളെ അസഭ്യം പറഞ്ഞുവെന്നതാണ്. ഇരയോടൊപ്പം നില്‍ക്കുന്ന പാരമ്പര്യമാണ് കേരളത്തിലെ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമുള്ളത്. ആ വികാരം മനസ്സിലാക്കാതെ മാധ്യമ സുഹൃത്തുക്കളെയും മറ്റാളുകളെയും ചീത്തപറഞ്ഞതാണ് അപകടം. ഞാന്‍ ഏതായാലും ഈ കുറ്റം നൂറ് ശതമാനം ബോധ്യത്തോടെ അംഗീകരിക്കാന്‍ തയ്യാറല്ല. ഞാന്‍ പോലിസ് ആവുകയല്ല. ഞാന്‍ ഈ പണി, പൊതുപ്രവര്‍ത്തനം തുടങ്ങിയിട്ട് കൊല്ലം 40 ആയി. എല്ലാ ആളുകളെയും ഞാന്‍ പഠിച്ചിട്ടുണ്ട്. പൊലീസിനെയും മന്ത്രിമാരെയും അറിയാം. എനിക്ക് ഒത്തിരിയേറെ സംശയങ്ങളുണ്ട്. എങ്കിലും ഇവരിലാരെങ്കിലും കുറ്റക്കാരാണെങ്കില്‍ അവരെ മാക്‌സിമം ശിക്ഷിക്കണം. പക്ഷെ എനിക്ക് ചില സംശയങ്ങളുണ്ട്. എന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം.

Read More : ദിലീപിനെതിരെ കൃത്യമായ സാഹചര്യ തെളിവുകളുണ്ട്; ഹൈക്കോടതിയുടെ വിധി പകർപ്പ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ