കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്‍വര്‍ സാദത്ത് എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്യും. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐ ജി ദിനേന്ദ്ര കശ്യപ് നേരിട്ടാണ് ഇക്കാര്യം അന്വേഷിക്കുന്നത്. സംഭവത്തിന് ശേഷം ദിലീപ് പലതവണ എംഎല്‍എയെ വിളിച്ച് സംസാരിച്ചിട്ടുണ്ടെന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. വിദേശത്തുളള എംഎല്‍എ നാട്ടിലെത്തിയ ഉടനെ പൊലീസ് ചോദ്യം ചെയ്യും.

ഇരുവരും സുഹൃത്തുക്കളായത് കൊണ്ട് നേരത്തേയും സംഭാഷണം നടന്നിട്ടുണ്ട്. എന്നാല്‍ കുറ്റകൃത്യം നടന്നതിന് ശേഷം നടന്ന ഫോണ്‍ സംഭാഷണത്തെ ചുറ്റിപ്പറ്റിയാണ് പൊലീസിന്റെ അന്വേഷണം. ദിലീപ് എംഎല്‍എയുമായി അക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നോ എന്നും പൊലീസ് പരിശോധിക്കും.

നടിയെ ആക്രമിച്ചതിനു പിന്നില്‍ കേവലം വ്യക്തിവൈരാഗ്യം മാത്രമല്ല സാമ്പത്തിക ഇടപാടുകളും കാരണമായിട്ടുണ്ടെന്നും സൂചനകൾ വ്യക്തമാകുന്നു. ആലുവ എം എല്‍ എ അന്‍വര്‍ സാദത്തും ദിലീപും തമ്മിലുള്ള അടുത്ത ബന്ധം നേരത്തെ തന്നെ ചര്‍ച്ചയായതാണ്. ദിലീപിന്റെ ജന്മസ്ഥലം കൂടിയായ ആലുവയിലെ ജനപ്രതിനിധിയും താരവും തമ്മിലുള്ള ബിസിനസ് ബന്ധവും അന്വേഷണത്തിന്റെ പരിധിയിലാണ്. കേസില്‍ അന്‍വര്‍ സാദിത്തിന് പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

എന്നാല്‍ ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടോ എന്ന കാര്യം തെളിയിക്കപ്പെടണം. പങ്കാളിയല്ലെങ്കിലും കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് വെളിച്ചത്തുകൊണ്ടുവരുമെന്നും അന്വേഷണസംഘം പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ