പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയെ ഇന്ന് പത്തനംതിട്ട സിജെഎം കോടതിയില്‍ ഹാജരാക്കും. രഹ്നയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടുളള പൊലീസിന്റെ അപേക്ഷ കോടതി പരിശോധിക്കും. രഹ്ന ഫാത്തിമയെ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് രഹ്നയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ അറസ്റ്റിലായതിനു പിന്നാലെ രഹ്നയെ ബിഎസ്എൻഎൽ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ബിഎസ്എന്‍എല്‍ പാലാരിവട്ടം ഓഫീസില്‍ ടെലികോം ടെക്നീഷ്യയായിരുന്നു രഹ്ന. ശബരിമലയുമായി ബന്ധപ്പെട്ട് രഹ്ന ഫെയ്സ്ബുക്കിലിട്ട പോസ്റ്റുകൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പരാതിയുമായി ബിജെപി നേതാവ് ആര്‍.രാധാകൃഷ്ണ മേനോനാണ് പൊലീസിനെ സമീപിച്ചത്.

ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ രഹ്ന ഫാത്തിമ പൊലീസ് സുരക്ഷയിൽ ശബരിമലയിൽ എത്തിയിരുന്നു. എന്നാൽ ആക്ടിവിസ്റ്റുകൾക്ക് സുരക്ഷ ഒരുക്കേണ്ടന്ന ദേവസ്വം മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ദർശനം നടത്താനാകാതെ രഹ്നയ്ക്ക് മടങ്ങേണ്ടി വന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.