കോഴിക്കോട്: ചിത്തിര ആട്ടവിശേഷ സമയത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ ജയിലില്‍ കഴിയുന്ന കെ സുരേന്ദ്രനെ നാളെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കൊട്ടാരക്കര സബ് ജയിലില്‍ കഴിയുന്ന അദ്ദേഹത്തെ ഇന്ന് രാവിലെ കോഴിക്കോട്ടേക്ക് കൊണ്ടു പോയി. നാളെ രാവിലെയാണ് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുക. കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അറസ്റ്റ് വാറണ്ടയച്ചിരുന്നു. ഈ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമെ അദ്ദേഹത്തിന് എന്ന് പുറത്തിറങ്ങാന്‍ കഴിയും എന്നതില്‍ വ്യക്തത വരികയുളളു.

സ്ത്രീയെ ആക്രമിച്ച കേസില്‍ കെ സുരേന്ദ്രന് റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്നലെ ജാമ്യം നിഷേധിച്ചിരുന്നു. വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

കേസിൽ പോലീസിന് സുരേന്ദ്രനെ ഇന്നലെ ഒരു മണിക്കൂർ ചോദ്യം ചെയ്യാനും കോടതി അനുമതി നൽകി. ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്തെ നടപ്പന്തലിൽ വെച്ച് 52 കാരിയായ തൃശൂർ സ്വദേശിനിയെ ആക്രമിച്ച കേസിൽ ഗൂഡാലോചനക്കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വധശ്രമത്തോടനുബന്ധിച്ച ഗൂഢാലോചനയിൽ സുരേന്ദ്രൻ പങ്കെടുത്തതിന്റെ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. വത്സൻ തില്ലങ്കേരി അടക്കമുള്ള പ്രതികളുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾക്കായി സുരേന്ദ്രനെ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി കൊട്ടാരക്കര സബ് ജയിലിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ സുരേന്ദ്രനെ ഒരു മണിക്കൂർ ചോദ്യം ചെയ്യാൻ അനുമതി നൽകി.
തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നള്ള പ്രതിയുടെ അപേക്ഷ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം പരിഗണിക്കും. ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ ഭാര്യയോട് ഫോണിൽ സംസാരിക്കാനും സുരേന്ദ്രന് കോടതി അനുമതി നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.