കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായി നാലംഗ അന്വേഷണ സംഘം ജലന്ധറിലേക്ക് പോകും. വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോകുന്നത്. വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ അടക്കമുള്ളതാണ് സംഘം,

ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് എത്തി കണ്ട് അന്വേഷണം സംബന്ധിച്ചു ചര്‍ച്ച നടത്തി. ഇതിന് പിന്നാലെയാണ് ജലന്ധറിലേക്ക് പോകാനുള്ള തീരുമാനം അറിയിച്ചത്.

കന്യാസ്ത്രീയുടെ പരാതിയില്‍ തെളിവെടുപ്പു പൂര്‍ത്തിയായ സാഹചര്യത്തില്‍ ബിഷപ്പിനെ ജലന്ധറിലെത്തി ചോദ്യം ചെയ്യാന്‍ ഡിജിപിയുടെ അനുമതി ലഭിക്കുകയായിരുന്നു. അതേസമയം, ജലന്ധറിലേക്കു പോകുന്നതിനു മുന്‍പ് അന്വേഷണ സംഘം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി എടുക്കും. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ ആലോചിച്ചിരുന്നെങ്കിലും കര്‍ദിനാള്‍ തമിഴ്‌നാട്ടില്‍ ആയതു മൂലം മാറ്റിവയ്ക്കുകയായിരുന്നുവെന്ന് ഡിവൈഎസ്‌പി പറഞ്ഞു.

കന്യാസ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിഷ്‌കളങ്കനെന്ന് ജലന്ധര്‍ രൂപത പറഞ്ഞിരുന്നു. ജലന്ധര്‍ രുപതാ കണ്‍സള്‍ട്ടേഴ്‌സ് സമിതിയുടെ പേരില്‍ മലയാളത്തിലിറക്കിയ മൂന്ന് പേജ് പത്രക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഫ്രാങ്കോ മുളയ്ക്കല്‍ നിഷ്‌കളങ്കനാണെന്നും രൂപത ഒന്നടങ്കം ബിഷപ്പിന് പിന്നില്‍ അണിനിരക്കുകയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ