Latest News

ബലാത്സംഗം ഉള്‍പ്പെടെ 5 വകുപ്പുകള്‍ ചുമത്തി ഫ്രാങ്കോയ്ക്ക് എതിരായ കുറ്റപത്രം ഇന്ന് കോടതിയില്‍

രഹസ്യമൊഴിയെടുത്ത ഏഴ് ജഡ്ജിമാരെയും സാക്ഷികളാക്കിയിട്ടുണ്ട്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇന്ന് കുറ്റപത്രം നല്‍കും. കോട്ടയം പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ചുള്ള ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിന് മേല്‍ പൊലീസ് ചുമത്തിയിരിക്കുന്നത്.

കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുമുണ്ട്. 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, മൂന്ന് ബിഷപ്പുമാര്‍, ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രഹസ്യമൊഴിയെടുത്ത ഏഴ് ജഡ്ജിമാരെയും സാക്ഷികളാക്കിയിട്ടുണ്ട്. കുറ്റം തെളിയിക്കുന്ന 101 രേഖകളും കുറ്റപത്രത്തോടൊപ്പം ഉണ്ട്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് അഞ്ച് മാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്.

Read: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം വൈകുന്നു; വീണ്ടും സമരത്തിനൊരുങ്ങി കന്യാസ്ത്രീകൾ

2018 ജൂണിലാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ പരാതി നല്‍കിയത്. പൊലീസ് ജലന്ധറില്‍ എത്തി ബിഷപ്പിനെ ചോദ്യം ചെയ്തുവെങ്കിലും അന്വേഷണം മുന്നോട്ടുപോകാത്ത സാഹചര്യത്തില്‍ കന്യാസ്ത്രീകള്‍ സെപ്റ്റംബര്‍ എട്ടിന് വഞ്ചി സ്‌ക്വയറില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഇതോടെ 19ന് ബിഷപ്പിനെ ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ചുവരുത്തി. മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം 21ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്നാഴ്ചയ്ക്കു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി. ഒരു മാസം മുന്‍പ് ഡിജിപിക്ക് സമര്‍പ്പിച്ച കുറ്റപത്രമാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police to file charge sheet against bishop frankho mulaykkal

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express