വൈക്കം: ഹാദിയയെ വൈക്കത്തിനടുത്ത് ടിവി പുരത്തെ വീട്ടിൽ സന്ദർശിക്കാനെത്തിയ യുവതികൾക്കെതിരെ ഹാദിയയുടെ അച്ഛൻ പരാതി നൽകി. യുവതികൾ നിയമവിരുദ്ധമായി സംഘം ചേർന്നുവെന്നും സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി.

ഇന്ന് ഉച്ചയോടെയാണ് ഹാദിയയെ കാണാൻ വസ്ത്രങ്ങളും പുസ്തകങ്ങളും ചിത്രങ്ങളുമായി യുവതികൾ വൈക്കത്ത് എത്തിയത്. പിന്നീട് ഇവർ ഹാദിയയുടെ വീട്ടിലേക്ക് കടക്കാൻ ശ്രമിച്ചുവെങ്കിലും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. നാട്ടുകാർ അടക്കം യുവതികളെ തടയുകയായിരുന്നു.

പിന്നീട് പൊലീസ് എത്തിയ ശേഷം ഇവരോട് പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ആവശ്യപ്പെട്ടതായി സംഘാംഗമായ പെൺകുട്ടി ഐഇ മലയാളത്തോട് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ എത്തിയ ഇവരോട് ഇനിയൊരു നിർദ്ദേശം ലഭിക്കുന്നത് വരെ പൊലീസ് സ്റ്റേഷൻ വിട്ട് പോകരുതെന്ന് പൊലീസ് നിർദ്ദേശിക്കുകയായിരുന്നു.

ഹാദിയയുടെ അച്ഛനാണ് യുവതികൾക്കെതിരെ പരാതി നൽകിയത്. എന്നാൽ ഇവർ ഹാദിയയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നില്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടിന് പുറത്ത് സംഘം ചേർന്ന് നിൽക്കുകയും സമാധാനം തകർക്കുന്ന പ്രവർത്തികളിൽ ഏർപ്പെട്ടതായുമാണ് വൈക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് അറിയിച്ചത്.

പരാതി ലഭിച്ചിട്ടുണ്ടെന്നും, കേസ് നടപടികളിലേക്ക് കടക്കുന്നതേ ഉള്ളൂവെന്നും വൈക്കം പൊലീസ് ഐഇ മലയാളത്തോട് വ്യക്തമാക്കി.

അതേസമയം തങ്ങൾക്കെതിരെ അസഭ്യവർഷം നടത്തിയ ടിവി പുരത്തെ ആളുകൾക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് യുവതികൾ അറിയിച്ചു. “കേട്ടാൽ അറയ്ക്കുന്ന അസഭ്യവാക്കുകളാണ് ഞങ്ങളെ വിളിച്ചത്. ഇപ്പോഴും ഞങ്ങളെ മാവോയിസ്റ്റുകളും തീവ്രവാദികളുമാക്കി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഇവർക്കെതിരെ പൊലീസിൽ പരാതിപ്പെടും”, അനുഷ പോൾ എന്ന യുവതി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ