ഉജ്ജയിൻ: മുഖ്യമന്ത്രി പിണറായി വിജയന്റെ തലവെട്ടുന്നവർക്ക് ഒരു കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ച ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവത്തിന് എതിരെ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഉജ്ജയിൻ പൊലീസാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഉജ്ജയിൻ പൊലീസ് ചന്ദ്രാവത്തിന് എതിരെ ചുമത്തിയതെല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.

മുഖ്യമന്ത്രിക്ക് എതിരായി ആർഎസ്എസ് നേതാവ് ഉയർത്തിയ വധഭീഷണിയിൽ പൊലീസ് കേസെടുക്കണമെന്ന് സിപിഎം ഇന്ന് ആവശ്യപ്പെട്ടിരുന്നു. വധഭീഷണി ഭീകരപ്രവർത്തനത്തിനുള്ള ആഹ്വാനമാണെന്നും ഇയാൾക്കെതിരെ യുഎപിഎ കുറ്റം ചുമത്തുന്നത് പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടിരുന്നു.

ചന്ദ്രാവത്തിന്രെ പ്രസംഗം വിവാദമായതിനെ തുടർന്ന് ബിജെപിയും ആർഎസ്എസും ഇയാളെ തള്ളി മുന്നോട്ട് വന്നിരുന്നു. ആർഎസ്എസിന്റെയോ ബിജെപിയുടെയോ നിലപാടല്ല ഇദ്ദേഹം പറഞ്ഞതെന്ന് പിന്നീട് നേതാക്കൾ വ്യക്തമാക്കി. ഇതേത്തുടർന്ന് കുന്ദൻ ചന്ദ്രാവത്തിനെ ആർഎസ്എസിൽ നിന്നും ഇന്നലെ പുറത്താക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ