എറണാകുളം: യുഡിഎഫ് നേതാക്കൾ നടത്തിയ ജനകീയ മെട്രോ യാത്രയ്ക്കെതിരേ പോലീസ് കേസ് എടുത്തു. ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കി, മെട്രോ സംവിധാനങ്ങൾക്കു തകരാറുണ്ടാക്കി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മെട്രോ ആക്ട് പ്രകാരമാണ് സംഘാടകർക്കെതിരേ കേസെടുത്തിരിക്കുന്നത്. നേതാക്കളുടെ പേര് എടുത്തുപറഞ്ഞിട്ടില്ലെങ്കിലും തുടരന്വേഷണത്തിൽ നേതാക്കൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കും.
യുഡിഎഫിന്റെ നേതൃത്വത്തിലാണ് ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ ജനകീയ യാത്ര സംഘടിപ്പിച്ചത്. മെട്രോ ഉദ്ഘാടന ചടങ്ങിൽ പദ്ധതിക്ക് മുഖ്യപങ്ക് വഹിച്ച കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അവഗണിച്ചെന്ന് ആരോപിച്ചാണ് ജനകീയ യാത്ര സംഘടിപ്പിച്ചത്.
യുഡിഎഫ് നേതാക്കളുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ മെട്രോയിലേക്ക് പ്രവേശിച്ച ജനക്കൂട്ടം കൊച്ചി മെട്രോയുടെ പ്രവർത്തനത്തെ താളം തെറ്റിച്ചു. ആൾക്കൂട്ടം ഒന്നിച്ച് കയറിയതോടെ ടിക്കറ്റ് പരിശോധന ഗേറ്റുകൾ തുറന്നുവയ്ക്കേണ്ടി വന്നു. നേതാക്കളടക്കം 200 പേർക്ക് ആദ്യം തന്നെ ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ ഇതിലുമധികം ആളുകൾ മെട്രോയ്ക്ക് അകത്തേക്ക് പ്രവേശിച്ചുവെന്നാണ് അനുമാനം.
നേരത്തെ, ജനകീയ മെട്രോ യാത്ര ചട്ടങ്ങൾ ലംഘിച്ചുവെന്ന് സ്റ്റേഷൻ കണ്ട്രോളർമാർ കെഎംആർഎല്ലിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ട്രെയിനിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതില്‍ കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയതിനാൽ സിഗ്നല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായി. ടിക്കറ്റെടുക്കാതെയായിരുന്നു പലരുടെയും യാത്ര. സുരക്ഷ സംവിധാനങ്ങള്‍ക്കും ഓട്ടോമാറ്റിക്സ് ഫെയര്‍ കലക്ഷന്‍ ഗേറ്റുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിപാടി വലിയ തലവേദനയാണുണ്ടാക്കിയത്. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെ പേരിലും കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പരാതി നല്‍കിയിരുന്നു.