തിരുവനന്തപുരം: ദളിത് പീഡന വിരുദ്ധ നിയമപ്രകാരം തിരുവനന്തപുരം മേയർ വി.കെ പ്രശാന്തിനെതിരെ കേസ് എടുത്തു. ദേശീയ പട്ടികജാതി കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് കേരള പൊലീസ് മേയർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. എന്നാൽ ഇതേ വകുപ്പുകൾ ഉപയോഗിച്ച് ബിജെപി കൗൺസിലർമാർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സമാനവകുപ്പുകൾ ചുമത്തി നാല് ബിജെപി കൗൺസിലർമാർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പുകളാണ് മേയർ പ്രശാന്തിനെതിരെയും ബിജെപി കൗൺസിലർമാർക്കെതിരെയും ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോർപ്പറേഷൻ ആസ്ഥാനത്തുണ്ടായ സംഘർഷത്തിനിടെയാണ് ഈ കേസുകൾക്ക് ആസ്പദമായ സംഭവങ്ങൾ ഉണ്ടായത്. ബിജെപിയുടെ ദളിത് വനിത കൗൺസിലറെ മേയർ മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി. ജാതിപ്പേര് വിളിച്ച് മേയർ ആക്ഷേപിച്ചുവെന്നും പരാതിയിൽ ഉണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ദേശീയ പട്ടികജാതി കമ്മിഷൻ നൽകിയ നിർദ്ദേശം.

അതേസമയം, ജാതിപ്പേര് വിളിച്ചെന്നും അസഭ്യം പറഞ്ഞെന്നും കാട്ടി എൽ.ഡി.എഫ് കൗൺസിലർമാരും പരാതി നൽകി. എൽ.ഡി.എഫ് കൗൺസിലറായ സിന്ധു ശശിയെ തിങ്കളാഴ്ച പാളയം ബസ് സ്റ്റാൻഡിലും സി. സത്യനെ ആറ്റുകാൽ ആശുപത്രിക്ക് സമീപത്തും വച്ച് ബി.ജെ.പി അംഗങ്ങൾ ജാതിപ്പേര് വിളിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. ബി.ജെ.പി കൗൺസിലർമാരായ കരമന അജിത്, അനികുമാർ, ഗിരി, ജി.എസ്. മഞ്ജു, സിമി ജ്യോതിഷ് എന്നിവർക്കെതിരെയാണ് ദേശീയ, സംസ്ഥാന പട്ടികജാതി കമ്മിഷനുകൾക്കും , സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയത്. ഇതനുസരിച്ച് നാല് ബി.ജെ.പി കൗൺസിലർമാർക്കെതിരെയും സമാനമായ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ