എറണാകുളം: കാക്കനാട് ജയിലിൽവച്ച് മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പൊലീസ് കേസ് എടുത്തു. ജയിലിൽ വച്ചാണ് ദിലീപിനെയും നാദിർഷയെയും പൾസർ സുനി ഫോണിലൂടെ ബന്ധപ്പെട്ടത് എന്ന് പൊലീസിന് വ്യക്തമായിരുന്നു. പൾസർ സുനി ഉൾപ്പടെ 7 പേർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. സുനിൽ കുമാറിന്രെ സഹതടവുകാരായ മഹേഷ്,സനൽ,വിപിൻലാൽ,വിഷ്ണു എന്നിവർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം പൾസർ സുനിയെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തീരുമാനിച്ചു. ജയിലിൽ വച്ച് പൾസർ സുനി നടത്തിയ ഫോൺ വിളികളെപ്പറ്റി പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വ്യാജ രേഖ ഉപയോഗിച്ച് എടുത്ത സിം കാർഡാണ് സുനി ജയിലിൽ ഉപയോഗിച്ചത്. സഹതടവുകാരനായ വിഷ്ണു ഷൂവിന് അടിയിൽ വെച്ചാണ് ഫോൺ ജയിലിന് ഉള്ളിലേക്ക് കടത്തിയത്. പാചകപ്പുരയിലെ ചാക്ക്കെട്ടുകൾക്ക് ഇടയിൽ കിടന്നാണ് സുനി ഫോൺ വിളിച്ചത്. ജയിൽ വകുപ്പാണ് പുതിയ കേസ് എടുത്തിരിക്കുന്നത്.

എന്നാൽ നടിയെ ആക്രമിച്ച സംഭവത്തിൽ കേസിലെ നിർണ്ണായക വഴിത്തിരിവാകും പുതിയ ചോദ്യം ചെയ്യൽ എന്ന് വ്യക്തമാണ്. ജയിലിൽ നിന്ന് സുനി നടത്തിയ ഫോൺ വിവരങ്ങൾ ഗൂഡാലോചനക്കേസിൽ നിർണ്ണായകം ആകുമെന്നാണ് പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ