പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിന് പേരക്കുട്ടിയുടെ ചോറൂണിന് വന്ന 54കാരിയെ ആക്രമിച്ച കേസില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തെറ്റായ റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ കൊടുത്തതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തന്നെ സഹായിച്ചതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തതിനെതിരേയും സുരേന്ദ്രന്‍ പ്രതികരിച്ചു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കുന്നവരാണ് ഒരു ചായ തനിക്ക് വാങ്ങി തന്നതിന്റെ പേരില്‍ പൊലീസുകാരനെ സസ്പെന്റ് ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജാമ്യം നിഷേധിക്കപ്പെട്ടതോടെ ദിവസങ്ങളായി കൊട്ടാരക്കര സബ്ജയിലിലാണ് കെ സുരേന്ദ്രന്‍. വിവിധ കേസുകളില്‍ ജാമ്യം നേരത്തെ തന്നെ ലഭിച്ചുണ്ടെങ്കിലും പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് സുരേന്ദ്രന്‍. ശബരിമല കേസില്‍ ജാമ്യമില്ല എന്നതാണ് പുറത്തിറങ്ങുന്നതിന് സുരേന്ദ്രന് മുന്നിലുളള തടസ്സം.

കൊല്ലം എആര്‍ ക്യാപിലെ റിസര്‍വ് ഇന്‍സ്‌പെക്ടറായ ജി വിക്രമന്‍ നായരാണ് കെ സുരേന്ദ്രന് പ്രത്യേക പരിഗണന നല്‍കിയത്. കൊട്ടാരക്കര ജയിലില്‍ നിന്നും റാന്നി കോടതിയിലേക്ക് കൊണ്ടുപോകാനുളള സുരക്ഷാ ചുമതലയുളള ഉദ്യോഗസ്ഥനാണ് ജി വിക്രമന്‍ നായര്‍.

കോടതിയിലേക്ക് പോകുംവഴി സുരേന്ദ്രന് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കി എന്നതാണ് പോലീസുകാരനെ വെട്ടിലാക്കിയത്. മാത്രമല്ല ഇത് ചോദ്യം ചെയ്ത മേലുദ്യോഗസ്ഥരോട് ധിക്കാരപരമായി സംസാരിക്കുകയും ചെയ്തതായി ആരോപണമുണ്ട്. കൂടാതെ കണ്ണൂര്‍ കോടതിയിലേക്ക് കൊണ്ടുപോകവേ സുരേന്ദ്രന് മാധ്യമങ്ങളോട് സംസാരിക്കാന്‍ സ്വാതന്ത്ര്യം നല്‍കി എന്നും ആരോപണമുണ്ട്.

ഇന്‍സ്‌പെക്ടര്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതോടെ വിക്രമന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. കൊല്ലം റൂറല്‍ എസ്പിയും കമ്മീഷണറും മേലധികാരികള്‍ക്ക് വിക്രമന്‍ നായര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പ്രകാരമാണ് റേഞ്ച് ഐജി മനോജ് എബ്രഹാം സസ്‌പെന്‍ഷന് ഉത്തരവിട്ടിരിക്കുന്നത്. മാധ്യമങ്ങളുമായോ പാര്‍ട്ടിക്കാരുമായോ സംസാരിക്കാന്‍ സുരേന്ദ്രനെ അനുവദിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ