തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലയിലെ പ്രതിയായ കേദൽ ജീൻസണിന് എതിരായി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മാതാപിതാക്കള്‍ക്കെതിരെ ഇയാള്‍ക്ക് വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പിന്നീട് ആസ്ട്രൽ പ്രൊജക്ഷൻ എന്ന സാത്താൻ സേവയുടെ ഭാഗമായി മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയെന്നും പൊലീസ് വ്യകതമാക്കുന്നു. കൊലപാതകക്കേസിന് പുറമെ തീയും ആയുധങ്ങളും ഉപയോഗിച്ച് വീട് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് പുലർച്ചെയാണ് കേഡൽ തന്റെ പിതാവ് പ്രൊഫ.രാജാതങ്കം, അമ്മ ജീൻപത്മ, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരെ വെട്ടി കൊലപ്പെടുത്തി കത്തിച്ചത്.
കൊലപാതകം നടത്താന്‍ ഉപയോഗിച്ച മഴു ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയത്. കൊലപാതകത്തിന് ശേഷം താന്‍ ചെന്നൈയിലേക്കാണ് രക്ഷപ്പെട്ടതെന്നും കേദന്‍ പൊലീസിനോട് വെളിപ്പെടുത്തി. പിന്നീട് തിരിച്ചുവന്ന ഇയാളെ തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ജീൻ പദ്മ, രാജ തങ്കം, കരോലിൻ എന്നിവരുടെ മൃതദേഹം വീടിന്റെ മുകൾ നിലയിലെ ശുചിമുറിയിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേത് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു.
മാർത്താണ്ഡം ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്നു രണ്ടു വർഷം മുമ്പാണു രാജ തങ്കം വിരമിച്ചത്. കരോലിൻ ചൈനയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയശേഷം മൂന്നു മാസം മുമ്പാണു നാട്ടിലെത്തിയത്. ഓസ്‌ട്രേലിയയിൽ പഠനം നടത്തിയ കേഡൽ ജീൻസൺ 2009ൽ നാട്ടിലെത്തി. പിന്നീടു വീട്ടിലിരുന്നുതന്നെ ജോലി ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ