തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് ദുബായിൽ യാത്രാവിലക്ക്. ബിനോയിയെ ദുബായ് വിമാനത്താവളത്തിൽ തടഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസിൽ ദുബായ് ജാസ് ടൂറിസം നൽകിയ കേസിലാണ് ദുബായ് പൊലീസിന്റെ നടപടി. എമിഗ്രേഷൻ അധികൃതരാണ് പൊലീസ് നിർദേശത്തെ തുടർന്ന് ബിനോയിയെ വിമാനത്താവളത്തിൽ തടഞ്ഞത്. ബിനോയ്ക്ക് എതിരെയുളള സിവിൽ കേസിൻെറ  അടിസ്ഥാനത്തിലാണ് യാത്ര തടഞ്ഞത്.

അതിനിടെ, ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിച്ച യുഎഇ പൗരനും ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽ മർസൂഖി ഇന്നു നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചിരുന്നു. മർസൂഖി തിങ്കളാഴ്ച നാലുമണിക്കു തിരുവനന്തപുരം പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ബിനോയ്ക്കൊപ്പം ആരോപണമുയർന്ന ചവറ എംഎൽഎ എന്‍.വിജയന്‍പിള്ളയുടെ മകൻ ശ്രീജിത്ത് വിജയനെക്കുറിച്ചു പരാമര്‍ശം പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണു മർസൂഖി മാധ്യമങ്ങളെ കാണുന്നതിൽനിന്നു പിന്മാറിയതെന്നാണ് വിവരം.

ദുബായിലെ ജാസ് ടൂറിസം കമ്പനിയുടെ പേരില്‍ കോടികള്‍ ലോണ്‍ എടുത്ത് മുങ്ങിയെന്നാണ് ബിനോയ്ക്കെതിരെയുള്ള ആരോപണം. ദുബായിൽ 13 കോടി രൂപയുടെ പണം തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ വാദം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ