തിരുവവനന്തപുരം: നിലന്പൂരിൽ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ സഹോദരനെ പൊലീസ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് വർഗ്ഗീയ സംഘട്ടനം ഭയന്നാണെന്ന് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട്. മൃതദേഹം പൊതുദർശനത്തിന് വയ്ക്കണമെന്ന ആവശ്യം കുപ്പു ദേവരാജിന്റെ ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഉന്നയിക്കുന്നതിനിടെയാണ് ശ്രീധറിനെ കോഴിക്കോട് സ്പെഷൽ ബ്രാഞ്ച് എസിപി എം.പി. പ്രേംദാസ് കയ്യേറ്റം ചെയ്തത്.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ രജിസ്ട്രാർക്ക് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. സംഘർഷ സാധ്യത ഇല്ലാതിരുന്ന സ്ഥലത്ത്, എസിപി പ്രമദാസ് കുപ്പു ദേവരാജിന്റെ സഹോദരൻ ശ്രീധറിനെ കോളറിന് വലിച്ച് നീക്കി അക്രമിക്കുന്നത് ഫൊട്ടോഗ്രഫർ പി. അഭിജിത്തിന്റെ ചിത്രമാണ് പരാതിക്ക് അടിസ്ഥാനമായത്. മനുഷ്യാവകാശ ദിനത്തിന്റെ തലേദിവസമായ ഡിസംബർ ഒമ്പതിനാണ് സംഭവം നടന്നത്. മനുഷ്യാവകാശ ദിനത്തിൽ മനുഷ്യാവകാശ പ്രവർത്തകരെ ഞെട്ടിച്ചാണ് ഈ ചിത്രം പുറത്തുവന്നത്. കോഴിക്കോട് മാവൂർ റോഡ് ചൗത്തോടിക്ക വീട്ടിൽ സി.ടി.മുനീർ ആണ് പരാതി നൽകിയത്.
2016 ഡിസംബർ ഒൻപതിനാണ് കോഴിക്കോട് പൊതുശ്മശാനത്തിന് സമീപത്ത് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെ കുറിച്ച് തിരുവനന്തപുരം ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങിനെ. “നിലമ്പൂർ കാട്ടിനകത്ത് പൊലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് കുപ്പു ദേവരാജ് കൊല്ലപ്പെട്ടത്. ഇടതു തീവ്രവാദികൾക്കൊപ്പം റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകർ, എസ്.ഡി.പി.ഐ പ്രവർത്തകർ, വെൽഫെയർ പാർട്ടി പ്രവർത്തകർ എന്നിവർ കോഴിക്കോട് മൃതദേഹം കാണാൻ എത്തിയിരുന്നു. പൊട്ടമ്മൽ, മുതലക്കുളം എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ പൊതുജനവും ബിജെപി അടക്കമുള്ള രാഷ്ട്രീയപാർട്ടികളും ഹിന്ദു സാംസ്കാരിക സംഘടനകളും ഇതിനെ എതിർത്ത് രംഗത്ത് വന്നു. മുതലക്കുളത്ത് മൃതദേഹം പൊതുദർശനത്തിന് വയ്ക്കാനിരുന്നത് ഒരു ക്ഷേത്രത്തിന് സമീപത്താണ്. ഇവിടുത്തെ ക്ഷേത്ര സമിതി പ്രവർത്തകർ മൃതദേഹം ക്ഷേത്രത്തിനടുത്ത് പൊതുദർശനത്തിന് വയ്ക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഇവർ തമ്മിൽ ഏറ്റുമുട്ടിയിരുന്നെങ്കിൽ അതൊരു വർഗ്ഗീയ കലാപത്തിലേക്ക് നീങ്ങുമായിരുന്നു. കുപ്പു ദേവരാജിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കണമെന്ന് ആവശ്യപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു. മറുഭാഗത്ത് ഇതിനെ എതിർത്തവരിൽ നല്ലൊരു ശതമാനം ഹിന്ദുക്കളുമായിരുന്നു.” എന്നും റിപ്പോർട്ടിൽ പറയുന്നു
നിലമ്പൂരിൽ പൊലീസ് വെടിവെയ്പിൽ കുപ്പുദേവരാജ്, അജിത എന്നീ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പൊലീസിനെതിരായി രൂപപ്പെട്ട വികാരം രൂപപ്പെട്ടു.പൊതുസമൂഹത്തിൽരൂപപ്പെട്ട വികാരം തങ്ങൾക്കെതിരാണെന്ന് തിരി്ചറിഞ്ഞ പൊലീസ് അതിനെ മറികടക്കാനാണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് അന്ന് മനുഷ്യാവകാശപ്രവർത്തകർ ആരോപിച്ചിരുന്നു. സംഘപരിവാർ സംഘടനകൾ എതിർക്കുന്നുവെന്ന പേരിൽ പൊലീസ് കുപ്പുദേവരാജിന്റെ മൃതദേഹം പൊതുദർശത്തിന് വെയ്ക്കാൻ അനുമതി നൽകിയില്ല. അവസാനം സംസ്കാരത്തിന് തൊട്ടുമുമ്പാണ് കുപ്പുദേവരാജിന്റെ സഹോദരന് നേരെ പൊലീസ് ഉദ്യോഗസ്ഥന്റെ അക്രമം ഉണ്ടായത്.