തിരുവനന്തപുരം: കെ.കെ.രമയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസാണെന്നും ഇതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രമയുടെ കൈയ്ക്ക് പരുക്കുണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.കെ.രമ എംഎല്‍എയുടെ പരുക്കില്ലാത്ത കൈയ്ക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് കഴിഞ്ഞ ദിവസം എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഈ നിലപാടാണ് അദ്ദേഹം മാറ്റിയത്.
അതേസമയം, തന്റെ കയ്യിൽ പ്ലാസ്റ്ററിടാൻ നിർദേശിച്ചത് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണെന്ന് കെ.കെ.രമ വ്യക്തമാക്കി. കൈക്കു പരുക്കില്ലാതെയാണ് ഡോക്ടർ പ്ലാസ്റ്ററിട്ടെങ്കിൽ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തന്റെ എക്സ്റേ ദൃശ്യങ്ങളാണു പ്രചരിക്കുന്നതെങ്കിൽ ആശുപത്രി അധികൃതർക്ക് എതിരെയും നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
രമയുടെ കയ്യിൽ പൊട്ടലില്ലെന്നും പ്ലാസ്റ്റർ വ്യാജമാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. രമയുടേതെന്ന പേരിൽ എക്സ്‌റേ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. നിയമസഭയിലെ സംഘർഷത്തിലാണ് കെ.കെ.രമയുടെ കൈയ്ക്ക് പരുക്കേറ്റത്. ഇതിനെ തുടർന്നാണ് രമ കയ്യിൽ പ്ലാസ്റ്ററിട്ടത്.
എന്നാൽ രമ കൈയ്യിൽ പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിൻ ദേവ് എംഎൽഎ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ.കെ.രമ എംഎൽഎ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്. കൈ പൊട്ടിയില്ല എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സ്ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയത്.