കൊച്ചി: കാവ്യ മാധവന്‍റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി എത്തിയതിന്‍റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ക്കൊപ്പം സമീപമുള്ള കടകളിലെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ദൃശ്യങ്ങളില്‍ നിന്നും സുനി ലക്ഷ്യയില്‍ എത്തിയെന്ന് പൊലീസിന് സ്ഥിരീകരിക്കാനായി.

പള്‍സര്‍ സുനി പണം കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചതായാണ് വിവരം. നടിയെ ആക്രമിച്ച കേസില്‍ വ്യാപാര സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.

നടന്‍ ദിലീപിനോട് പണം ആവശ്യപ്പെട്ട് സുനില്‍ കുമാര്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന കാക്കനാട്ടെ കടയുടെ പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.. കത്തില്‍ രണ്ടിടത്താണ് ഇത്തരത്തില്‍ ഒരു കടയെ പറ്റി പരാമര്‍ശിക്കുന്നത്. ആക്രമിച്ചതിന് തൊട്ടുപിന്നാലെ സുനി കടയിലെത്തിയതായി മൊഴിയുണ്ട്. ഇതു സംബന്ധിച്ച് സുനിയുടെ വിശദമായ മൊഴിയെടുത്തിരുന്നു. ഇതില്‍ നിന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്ന നടപടിയിലേക്ക് പൊലീസ് നീങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം 19 തെളിവുകളാണ് പൊലീസിന്റെ പക്കലുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ