കൊച്ചി: ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ച് വിവരങ്ങള്‍ തേടി പൊലീസ്. മഞ്ജു വാര്യര്‍ക്കും മുമ്പ് ദിലീപ് വിവാഹിതനായിരുന്നുവെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അകന്ന ബന്ധുവായ സ്ത്രീയാണ് ദിലീപിന്റെ ആദ്യഭാര്യ. ആലുവ ദേശം റജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം റജിസ്റ്റര്‍ ചെയ്തത്. പൊലീസ് മിമിക്രിതാരം അബിയില്‍ നിന്ന് മൊഴിയെടുത്തു. രേഖകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ദിലീപിന്റെ ആദ്യ വധുവും ബന്ധുവുമായ സ്ത്രീ ഇപ്പോള്‍ ഗള്‍ഫിലാണുള്ളതെന്ന് വിവരം. ഇവരിൽ നിന്ന് പൊലീസ് മൊഴിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിട്ടില്ലെന്നാണ് വിവരം. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ക്ക് ഇതുസംബന്ധിച്ച വിരങ്ങള്‍ അറിയാമെന്നും വിവാഹത്തിന് സാക്ഷികളായതെന്നുമാണ് സൂചന. സിനിമയിലെത്തിയ ശേഷം ദിലീപ് മഞ്ജു വാര്യരുമായി അടുത്തു. തുടർന്ന് റജിസ്റ്റർ വിവാഹം ചെയ്ത ബന്ധുവായ സ്ത്രീയെ ബന്ധുക്കളും സുഹൃത്തുക്കളും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി ഒഴിവാക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

Also Read: ദിലീപിന്‍റെ ആദ്യ വിവാഹത്തെക്കുറിച്ച് തനിക്ക് കേട്ടുകേള്‍വി മാത്രമാണുളളതെന്ന് നടന്‍ അബി

ദിലീപിന്റെ വ്യക്തി ജീവിത വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആദ്യ വിവാഹത്തെക്കുറിച്ചുളള വിവരങ്ങൾ ലഭിച്ചതെന്നാണ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ