തിരുവനന്തപുരം: ആശ്രമം ആക്രമിച്ചതിനുപിന്നാലെ സ്വാമി സന്ദീപാനന്ദഗിരിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഡിജിപിയുടെ നിർദ്ദേശപ്രകാരം ഒരു ഗൺമാനെ അനുവദിച്ചു. ആശ്രമത്തിലെ വാഹനങ്ങൾ കത്തിച്ചത് പെട്രോൾ ഒഴിച്ചെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. ഇതൊഴികെ ആക്രമണത്തിനുപിന്നിലെ പ്രതികളെക്കുറിച്ച് പൊലീസിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല.

സംഭവസ്ഥലത്തുനിന്നും വിരലടയാളങ്ങളോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. ആശ്രമത്തിലെ സിസിടിവി ക്യാമറകൾ കഴിഞ്ഞ ഏപ്രിൽ മുതൽ പ്രവർത്തനരഹിതമാണ്. ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ആശ്രമത്തിനു സമീപത്തെ വീടുകളിലോ കടകളിലോ സ്ഥാപിച്ചിട്ടുളള മുഴുവൻ സിസിടിവി ക്യാമറകളിൽനിന്നും ദൃശ്യങ്ങൾ ശേഖരിക്കാനുളള നീക്കത്തിലാണ് പൊലീസ്.

സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമമാണ് ആക്രമിക്കപ്പെട്ടത്. ആശ്രമത്തിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും അക്രമികൾ തീയിട്ട് നശിപ്പിച്ചു. തീ പടർന്നതിനെ തുടർന്ന് ആശ്രമത്തിലെ കോൺക്രീറ്റ് കെട്ടിടത്തിനും നാശമുണ്ടായി. ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചാണ് അക്രമികൾ മടങ്ങിയത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കൊപ്പം നിന്ന സ്വാമി സന്ദീപാനന്ദ ഗിരി ഇടതാഭിമുഖ്യമുളള ഹൈന്ദവ സന്യാസിയാണ്. ഇദ്ദേഹത്തിന്റെ നിലപാട് തീവ്ര ഹൈന്ദവ സംഘടനകളുടെ വെറുപ്പിന് കാരണമായിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹത്തിന് ഭീഷണിയും നിലനിൽക്കുന്നുണ്ടായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ