കോട്ടയം: ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്മാറാന് തയ്യാറാണെന്ന് ബിന്ദുവും കനക ദുര്‍ഗയും അറിയിച്ചതായി പൊലീസ്. ഇപ്പോള്‍ സുരക്ഷ നല്‍കാനാവില്ലെന്ന് കനക ദുര്ഗയോടും ബിന്ദുവിനോടും പൊലീസ് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഇരുവരും ദര്‍ശനം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായാണ് പൊലീസ് നല്കുന്ന വിശദീകരണം. കോട്ടയം ഡിവൈഎസ്പി ശ്രീകുമാര്‍ ഇരുവരുമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തി. എന്നാല്‍ വിഷയത്തില്‍ ഇതുവരെ യുവതികളുടെ പ്രതികരണം ലഭ്യമായിട്ടില്ല.
ഡിസ്ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മടക്കി അയക്കാന്‍ പൊലീസ് സുരക്ഷ ഒരുക്കും. വീട്ടിലേക്ക് മടങ്ങിപ്പോയാല് സുരക്ഷ ഭീഷണിയുണ്ടാകുമെന്ന ആശങ്ക ഇരുവരും പ്രകടിപ്പിച്ചു. വീട്ടുകാരുമായി ആലോചിച്ച ശേഷം എങ്ങോട്ട് പോകുമെന്ന കാര്യത്തില്‍ ഇരുവരും തീരുമാനമെടുക്കും.
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ബിന്ദുവിനും കനക ദുര്‍ഗയ്ക്കും ശബരിമല ദര്‍ശനം നടത്താന്‍ സാധിക്കാതിരുന്നത്. പൊലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തിരിച്ചിറങ്ങിയതെന്നാണ് ഇവരുടെ വാദം.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇവരെ രാത്രി വൈകിയാണ് അഡ്മിറ്റ് ചെയ്തത്. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ വീണ്ടും ദര്‍ശനത്തിനായി ശബരിമല കയറണമെന്ന നിലപാടില്‍ ബിന്ദുവും കനക ദുര്‍ഗയും ഉറച്ചു നിന്നു. ഇക്കാര്യം കോട്ടയം ഡിവൈഎസ്പിയെ അറിയിക്കുകയും ചെയ്തു. ഇവര്‍ നിലപാട് ആവര്‍ത്തിച്ചതോടെ പൊലീസ് കൂടുതല്‍ പ്രതിസന്ധിയിലായി. എന്നാല്‍ ഇന്ന് പൊലീസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരുവരും യാത്ര അവസാനിപ്പിക്കാമെന്ന് അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.