പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. നടന്നത് ്വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പൊലീസ് വീഡിയോ പുറത്ത് വിട്ടത്.
മൂന്ന് വീഡിയോകളാണ് പുറത്ത് വിട്ടത്. ആദ്യം കൊല്ലപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടക്കവെയുണ്ടായ വെടിവെപ്പിന്റെ വീഡിയോയാണ് പുറത്ത് വിട്ടത്. വീഡിയോയില്‍ വെടിവെപ്പിന്റെ ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. പൊലീസുകാര്‍ നിലത്ത് പതുങ്ങി കിടക്കുന്നതും കാണാം. ഈ വെടിവെപ്പിലാണ് ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടത്.
Read More: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ചവരെ സംസ്കരിക്കരുത്: കോടതി
അതേസമയം, അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ചവരെ സംസ്കരിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഏറ്റുമുട്ടല്‍ കൊലകളില്‍ സുപ്രീം കോടതി മാനദണ്ഡം പാലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നവംബര്‍ രണ്ടിന് ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.
മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചിരുന്നു. മൃതദേഹം ബന്ധുക്കളെ കാണിക്കാതെ പോസ്റ്റ്മോര്‍ട്ടം നടത്തിയതാണ് കാരണം. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും പൊലീസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നും കൊല്ലപ്പെട്ട മണിവാസകം, കാര്‍ത്തി എന്നിവരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.