scorecardresearch
Latest News

ഗാന്ധി ചിത്രം തകർത്തതിൽ എസ് എഫ് ഐക്ക് പങ്കില്ലെന്ന് പൊലീസ് റിപ്പോർട്ട്; സഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി

സംഭവശേഷം എടുത്ത ചിത്രങ്ങളെയും ദൃശ്യങ്ങളെയും അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ റിപ്പോർട്ട്

ഗാന്ധി ചിത്രം തകർത്തതിൽ എസ് എഫ് ഐക്ക് പങ്കില്ലെന്ന് പൊലീസ് റിപ്പോർട്ട്; സഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
Photo: facebook/ PP Shyjal

വയനാട്: രാഹുൽ ഗാന്ധി എംപിയുടെ കൽപറ്റ ഓഫീസ് ആക്രമിച്ചപ്പോൾ അതിനുള്ളിലെ ഗാന്ധി ചിത്രം താഴെ ഇട്ടത്തിൽ എസ് എഫ് ഐക്ക് പങ്കില്ലെന്ന പൊലീസ് റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവശേഷം എടുത്ത ചിത്രങ്ങളെയും ദൃശ്യങ്ങളെയും അടിസ്ഥാനമാക്കി പൊലീസ് ആഭ്യന്തര വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടാണ് സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചത്.

ഓഫീസ് ആക്രമിച്ചു എസ് എഫ് ഐക്കാർ മടങ്ങിയ ശേഷം പൊലീസ് ഫോട്ടോഗ്രാഫറും മാധ്യമങ്ങളും എടുത്ത ആദ്യ ദൃശ്യങ്ങളിൽ ചുമരിൽ ഗാന്ധി ചിത്രവും മേശപ്പുറത്ത് ഫയലുകളും ഉണ്ടായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പിന്നീട് യുഡിഎഫ് പ്രവർത്തകർ ഓഫീസിൽ എത്തി കഴിഞ്ഞു എടുത്ത ചിത്രങ്ങളിൽ ഗാന്ധി ചിത്രം നിലത്തും ഫയലുകൾ വലിച്ചു വാരി ഇട്ട നിലയിലുമായിരുന്നു എന്ന് റിപ്പോർട്ട് പറയുന്നു.

വയനാട് ജില്ലാ പൊലീസ് മേധാവി ഡിജിപിക്കും അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി ക്രൈംബ്രാഞ്ച് മേധാവിക്കും നൽകിയ റിപ്പോർട്ടിലാണ് ഇത്. റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി.

ഓഫിസ് ആക്രമണ ദൃശ്യങ്ങൾ പകർത്താൻ എത്തിയ പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ചിത്രങ്ങളുമാണ് റിപ്പോർട്ടിൽ പ്രധാന തെളിവായി പറഞ്ഞിരിക്കുന്നത്. സമരത്തിന് ശേഷം എസ് എഫ് ഐക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പൊലീസ് ഫോട്ടോഗ്രാഫർ നാല് മാണിയോടെ പകർത്തിയ ചിത്രങ്ങളിൽ ഗാന്ധി ചിത്രം ചുമരിൽ തന്നെ ഉണ്ട്. പിന്നീട് താഴേക്ക് പോയ ഫോട്ടോഗ്രാഫർ തിരികെ എത്തുന്നത് നാലരയ്ക്ക് ആണ്. ആ സമയം ഓഫിസിനുള്ളിൽ യു ഡി എഫ് പ്രവർത്തകർ മാത്രമാണുള്ളത്. ഈ സമയത്ത് പകർത്തിയ ഫോട്ടോയിൽ ഓഫിസ് ഫയലുകൾ വലിച്ചെറിഞ്ഞ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമായിരുന്നെന്ന് പൊലീസ് റിപ്പോർട്ട് പറയുന്നു.

അതേസമയം, റിപ്പോർട്ട് വിശ്വസനീയമല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കഥക്ക് പൊലീസ് തിരക്കഥ ഒരുക്കിയതാണ് റിപ്പോർട്ട് എന്ന് വേണുഗോപാൽ ആരോപിച്ചു. എസ് എഫ് ഐ ക്കാർ പിന്നിലൂടെയാണ് ഓഫീസിലേക്ക് കയറിയത്. പൊലീസ് അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളുണ്ട്. ആക്രമണം നടക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകർ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. വാദിയെ പ്രതിയെക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിഷേധമുയർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എസ് എഫ് ഐ ഗാന്ധി ചിത്രം തകർത്തെന്ന് ആരോപിച്ചു പ്രതിപക്ഷ നേതാവ് ഉൾപ്പെടെ രംഗത്ത് എത്തിയിരുന്നു. അതേസമയം, നേരത്തെ തന്നെ എസ് എഫ് ഐക്കാർ പോയ ശേഷമാണ് ഗാന്ധിചിത്രം തകർത്തെന്നും ഗാന്ധി ചിത്രം തകർത്തവർ ഗാന്ധി ഗാന്ധി ശിഷ്യർ തന്നെയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. കോൺഗ്രസിന്റെ കുത്സിത ശ്രമത്തിന്റ ഭാഗമാണ് ഗാന്ധി ചിത്രം താഴെയിട്ടതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ആരുടെ കുബുദ്ധിയാണ് ഇതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

അതേസമയം, രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ഇന്നലെ എസ്എഫ്ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. ആക്രമണം നടന്ന സ്ഥലത്ത് എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ ശേഷമായിരുന്നു നടപടി.

ദേശീയ തലത്തില്‍ തന്നെ എംപി ഓഫീസാക്രമണം ചര്‍ച്ചയായതിന് പിന്നാലെയാണ് നടപടി. പകരം ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കി. വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയായ എല്‍ദോസാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനര്‍. സംഭവത്തില്‍ തുടര്‍ നടപടികള്‍ അഡ്ഹോക്ക് കമ്മിറ്റിയായിരിക്കും സ്വീകരിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.

Also Read: Top News Live Updates: കാലവർഷം കനക്കുന്നു; സംസ്ഥാനത്ത് അതിശക്തമായ മഴ, ഇടുക്കിയിൽ ഒരു മരണം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Police report on rahul gandhi mp office attack wayanad

Best of Express