കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽനിന്നും പിടിച്ചെടുത്തത് ആയുധശേഖരങ്ങളെന്ന് പൊലീസ് റിപ്പോർട്ട്. മാരകായുധങ്ങൾ തന്നെയെന്ന് എഫ്ഐആറിലും സേർച്ച് ലിസ്റ്റിലും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആയുധനിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാർക്കപ്പണിക്ക് ഉപയോഗിക്കുന്നവ ആയുധങ്ങളാക്കി മാറ്റിയെടുത്തിരിക്കുന്നു. വാർക്കപ്പണിക്ക് ഉപയോഗിക്കുന്ന കമ്പികളിൽ കയറും തുണിയും കെട്ടി ഒരാളെ ആക്രമിക്കാൻ കഴിയുന്ന ആയുധങ്ങളാക്കിയാണ് മാറ്റിയെടുത്തതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ പൊലീസ് കണ്ടെത്തിയതു നിർമാണപ്രവർത്തനങ്ങൾക്കു കൂടി ഉപയോഗിക്കാവുന്ന സാമഗ്രികളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകൾ തെറ്റാണെന്നു ചൂണ്ടിക്കാട്ടുന്നതാണ് പൊലീസ് റിപ്പോർട്ട്.

മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാർട്ടേഴ്സി‍ൽ വിദ്യാർഥികൾക്കു താമസിക്കാൻ അനുവദിച്ച മുറിയിൽനിന്നാണ് കഴിഞ്ഞ ദിവസം വൻ ആയുധശേഖരം കണ്ടെത്തിയത്. പ്രിൻസിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റാഫ് ക്വാർട്ടേഴ്സി‍ൽ സെൻട്രൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു മീറ്റർ നീളമുള്ള 14 ഇരുമ്പുവടികളും തടികൊണ്ടുള്ള നാലു വടികളും ഒരു വാക്കത്തിയും പിടിച്ചെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ