പത്തനംതിട്ട: ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഭാഗികമായി നീക്കി. വാവര് നടയിലേയും വടക്കേ നടയിലേയും ഓരോ ബാരിക്കേഡുകൾ പൊലീസ് നീക്കം ചെയ്തു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടിയെന്നും പോലീസ് വ്യക്തമാക്കി.
വാവര് നട, മഹാകാണിക്ക, ലോവർ തിരുമുറ്റം, വലിയ നടപ്പന്തൽ അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് അടക്കമുള്ള മുഴുവൻ നിയന്ത്രണങ്ങളും നീക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. രാത്രി 11 മണിക്ക് ശേഷം തീർത്ഥാടകരെ തടയരുതെന്നും കെഎസ്ആർടിസി ടൂ വേ ടിക്കറ്റ് നിർബന്ധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കോടതി ഉത്തരവോ ഡിജിപിയുടെ നിർദേശമോ ലഭിച്ചെങ്കിൽ മാത്രമേ ശബരിമല സന്നിധാനത്തു നിലവിലുള്ള നിയന്ത്രണങ്ങളിൽ മാറ്റം വരികയുള്ളൂവെന്ന് പോലീസ് സ്പെഷൽ ഓഫീസർ കോഴിക്കോട് റൂറൽ എസ്പി ജി. ജയദേവ് പറഞ്ഞിരുന്നു