പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. റാന്നി കോടതി സുരേന്ദ്രനെ ഡിസംബർ ആറു വരെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. എന്നാൽ, സുരേന്ദ്രനെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്‍റെ ആവശ്യം കോടതി തള്ളി. ഇന്ന് സുരേന്ദ്രനെ കസ്റ്റഡിയില്‍ വിട്ടു തരണമെന്ന് പൊലീസ് വീണ്ടും ആവശ്യപ്പെടും. അതേസമയം സുരേന്ദ്രനെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു.

ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീർഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രന്‍റെ അറസ്റ്റ് വ്യാഴാഴ്ച പോലീസ് രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നതെന്ന് കോടതിക്കു പുറത്തെത്തിയ സുരേന്ദ്രൻ ആവർത്തിച്ചു. എന്നാല്‍ എന്ത് വന്നാലും താന്‍ നെഞ്ച് വേദന അഭിനയിക്കില്ലെന്നും പി ജയരാജനെ പരിഹസിച്ച് സുരേന്ദ്രന്‍ പറഞ്ഞു. റാന്നി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊട്ടാരക്കര ജയിലില്‍ നിന്നുകൊണ്ടുപോകവേയാണ് സുരേന്ദ്രന്റെ പരാമര്‍ശം.

‘എനിക്കെതിരെ വീണ്ടും വീണ്ടും കേസുകൾ വരുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഉപതെരഞ്ഞെടുപ്പിൽ നിന്ന് തന്നെ മാറ്റി നിർത്തുക എന്നതാണ് ഈ നീക്കങ്ങൾക്കു പിന്നിലെ മുഖ്യലക്ഷ്യം. ഇത്തരം നീക്കങ്ങളിലൂടെ വിശ്വാസി സമൂഹത്തിന്‍റെ ആത്മവിശ്വാസം തകർക്കാമെന്നു ചിലർ ലക്ഷ്യമിടുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.