കോഴിക്കോട്: ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം അഴിച്ചു വിട്ടവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടു. കോഴിക്കോട് സിറ്റി പൊലീസാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഇനിയും പിടിക്കപ്പെടാനുള്ളവരുടെ ചിത്രങ്ങളാണ് ഇത്.

ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊലീസിനെ അറിയക്കണമെന്നും സിറ്റി പൊലീസ് പറയുന്നു. ഇതുവരെ 31 പേരെ അറസ്റ്റ് ചെയ്ത കേസില്‍ നൂറോളം പേര്‍ പ്രതികളാണ്. 11 പേരുടെ ചിത്രങ്ങളാണ് സൈബര്‍ സെല്‍ പുറത്ത് വിട്ടിരിക്കുന്നത്.

മതസ്പര്‍ധ വളര്‍ത്തുക, കലാപ ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് മറ്റു വകുപ്പുകള്‍ക്കൊപ്പം ഇവര്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്. മിഠായിത്തെരുവിലെ സംഘര്‍ഷം നേരിടുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതായി ആരോപണങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ സ്ഥലം മാറ്റിയിരുന്നു.

ഹര്‍ത്താല്‍ ദിനം മിഠായിത്തെരുവില്‍ വ്യാപക അക്രമമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അഴിച്ചു വിട്ടത്. നിരവധി കടകള്‍ അടിച്ചു തകര്‍ക്കുകയും ഉടമകളെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മിഠായിത്തെരുവിലെ വിഎച്ച്പിയുടെ കാര്യാലയത്തില്‍ നിന്നും മാരാകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ