പമ്പ: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനവ്യൂഹം തടഞ്ഞെന്ന വിവാദത്തിൽ തെളിവുമായി പൊലീസ്. പൊലീസ് തടഞ്ഞത് കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹത്തിൽപെട്ടതല്ലെന്നും മറ്റൊരു വാഹനമാണെന്നും തെളിയിക്കുന്നതാണ് പൊലീസ് പുറത്തുവിട്ട സിസിടി ദൃശ്യങ്ങൾ. കേന്ദ്രമന്ത്രി ഉൾപ്പെട്ട വാഹനവ്യൂഹം 1.13 നാണ് കടന്നുപോയത്. പൊലീസ് തടഞ്ഞ വാഹനം 1.20 നാണ് എത്തിയത്. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്.

Read: കേന്ദ്രമന്ത്രിയുടെ വാഹനമല്ല തടഞ്ഞത്, പൊലീസ് മാപ്പെഴുതി നൽകിയിട്ടില്ല: എസ്‌പി ഹരിശങ്കർ

മന്ത്രിയുടെ വാഹനവ്യൂഹം പോയതിനുശേഷമാണ് 1.20 ന് എറണാകുളം രജിസ്ട്രേഷനിലുളള വാഹനം വരുന്നത്. ഇതാണ് പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചത്. ഇതിൽ ബിജെപിയുടെ മീഡിയ സെല്ലിന്റെ ആളും മറ്റു രണ്ടുപേരുമാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസിൽനിന്നും ലഭിക്കുന്ന വിവരം. ഇവർ അറിയിച്ചതനുസരിച്ചാണ് മന്ത്രി തിരികെ എത്തിയത്. തിരികെ എത്തിയ മന്ത്രി എസ്‌പിയോട് വിശദീകരണം തേടുകയായിരുന്നു. തുടർന്നാണ് എസ്‌പി ഹരിശങ്കറിന്റെ നിർദേശത്തിൽ കീഴുദ്യോഗസ്ഥൻ ചെക്ക് റിപ്പോർട്ട് നൽകിയത്.


(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

പമ്പയിൽ കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞെന്നായിരുന്നു ബിജെപിയുടെ വാദം. പമ്പ കെഎസ്ആർടിസി സ്റ്റാന്റിന് സമീപത്തുവച്ച് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു മന്ത്രി. സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രിയുടെ യാത്ര. ഒപ്പം മറ്റു രണ്ടു വാഹനങ്ങളും ഉണ്ടായിരുന്നു. പ്രതിഷേധക്കാരുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് തടഞ്ഞത് മന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ടതായിരുന്നുവെന്നായിരുന്നു ബിജെപിയുടെ വാദം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ