/indian-express-malayalam/media/media_files/uploads/2023/07/G-shakthidharan.jpg)
കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണം: ജി. ശക്തിധരന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കാനെത്തി
തിരുവനന്തപുരം: കൈതോലപ്പായയില്‍ സിപിഎം ഉന്നത നേതാവ് പണം കടത്തിയെന്ന ആരോപണത്തില്‍ ദേശാഭിമാനി മുന്‍ അസോസിയറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍ മൊഴി നല്‍കാന്‍ ഹാജരായി. കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
ബെന്നി ബഹനാന്‍ ഡിജിപിക്ക് കൊടുത്ത പരാതിയുടെ അന്വേഷണ ചുമതല കന്റോണ്‍മെന്റ് എസിപിയെ ഏല്‍പ്പിച്ചതിന് പിന്നാലെയാണ് മൊഴിയെടുക്കല്‍ നടപടി. ഉന്നത നേതാവ് കൈതോലപ്പായയില്‍ പൊതിഞ്ഞ് രണ്ടരക്കോടി കടത്തിയെന്നും പ്രമുഖ ഹോട്ടലില്‍ നിന്ന് 20 ലക്ഷം വാങ്ങിയെന്നുമായിരുന്നു ശക്തിധരന്റെ വെളിപ്പെടുത്തല്‍. പണം കടത്തിയതിന് സാക്ഷിയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ശക്തിധരന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബെഹനാന്‍ എം.പിയാണ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
'കലൂരിലെ ദേശാഭിമാനി ഓഫിസില്‍ 2 ദിവസം തങ്ങിയപ്പോള്‍ ചില വന്‍തോക്കുകള്‍ ഉന്നതനായ നേതാവിനെ സന്ദര്‍ശിക്കുകയും പണം സമ്മാനിക്കുകയും ചെയ്തു. കിട്ടിയ പണം എണ്ണാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. 2 കോടി 35,000 വരെ എണ്ണി തിട്ടപ്പെടുത്തി. പണം കൊണ്ടുപോകാനായി 2 കൈതോലപ്പായ ഞാനും സഹപ്രവര്‍ത്തകനും ഓടിപ്പോയി വാങ്ങിക്കൊണ്ടു വന്നു. ഇന്നോവ കാറിന്റെ ഡിക്കിയില്‍ അതു തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗവും ഈ കാറില്‍ ഉണ്ടായിരുന്നു' ഇതായിരുന്നു ശക്തിധരന്റെ ആരോപണം.
അതേസമയം, പൊലീസ് തന്റെ ഫോണ്‍ നിരീക്ഷിക്കുന്നതായി ശക്തിധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്നലെ ആരോപിച്ചിരുന്നു. ഒരാഴ്ചയായി ഗൂഢസംഘം തന്റെ ഫോണില്‍ ഏത് അസമയത്തും കടന്നുകയറി അസഭ്യവര്‍ഷം ചൊരിയുകയാണ്. സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയില്‍ അമിതാധികാര കേന്ദ്രമായി വാഴുന്ന ക്ഷുദ്രജീവികളാണ്. വിദേശത്തു നിന്നുള്ള ഇന്റര്‍നെറ്റ് കോളുകളാണ് ഏറെയും. ഇതിനെക്കാള്‍ ഭേദം കൊല്ലുകയാണെന്നും കുറിപ്പില്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us