സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണം: ഹൈക്കോടതി

സിസ്റ്റ‍‍ർ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്

കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ജീവന് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സിസ്റ്റർ ലൂസി സമർപ്പിച്ച പൊലീസ് സംരക്ഷണ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. തനിക്ക് കാരയ്ക്കാമല മഠത്തിനുള്ളിൽ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം എന്നാവശ്യപ്പെട്ടാണ് സിസ്റ്റർ ലൂസി കോടതിയെ സമീപിച്ചത്.

സിസ്റ്റ‍‍ർ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് വി.രാജാ വിജയരാഘവൻ അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും കോടതി പരിഗണിക്കും.

Read More: സ്ത്രീയെന്ന പരിഗണന പോലും വത്തിക്കാനിൽ നിന്ന് ലഭിച്ചില്ല; കാനോൻ നിയമത്തെ പുച്ഛിച്ചു തള്ളുന്നുവെന്ന് സിസ്റ്റർ ലൂസി

സിസ്റ്റർ ലൂസി മഠം വിടണമെന്ന് ആവശ്യപ്പെട്ട് എഫ്‍സിസി മാനന്തവാടി മുൻസിഫ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സംരക്ഷണമാവശ്യപ്പെട്ട് സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്. സഭാ നേതൃത്വവുമായുള്ള അസ്വാരസ്യത്തെതുടർന്ന് സിസ്റ്റർ ലൂസിക്കെതിരെ നടപടിയെടുത്തിരുന്നെങ്കിലും സിസ്റ്റർ കാരയ്ക്കാമല മഠത്തിൽ താമസം തുടരുകയായിരുന്നു. മഠവുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ സംഭവങ്ങളാണ് പൊലീസ് സംരക്ഷണ ഹർജിയിൽ കലാശിച്ചത്.

എഫ്‌സിസി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി നല്‍കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളിയിരുന്നു. എന്നാൽ എന്ത് സംഭവിച്ചാലും താൻ മഠം വിട്ട് പോകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിസ്റ്റർ ലൂസി കളപ്പുര. തന്നെ പിടിച്ചിറക്കാമെന്ന് സ്വപ്നം കാണേണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.

സന്യാസി സഭയില്‍ നിന്നു പുറത്താക്കിയ നടപടി നിര്‍ത്തിവയ്ക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുര രണ്ടാമത്തെ അപ്പീൽ നൽകിയത്. എന്നാൽ ഇതും വത്തിക്കാൻ തള്ളുകയായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതോടെയാണ് എഫ്‌സിസി സന്യാസി സഭയും സിസ്റ്റര്‍ ലൂസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police protection should be provided to sister lucy kalapura high court

Next Story
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് കേരള പൊലീസ് അന്വേഷിക്കണം: ചെന്നിത്തലRamesh Chennithala, രമേശ് ചെന്നിത്തല, Pinarayi Vijayan, Sabarimala, Kerala Election 2021, CPM, Yechury, ശബരിമല സിപിഎം നിലപാട്, കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021, സിപിഎം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X