പാലക്കാട്: കല്ലേക്കാട് എ ആര് ക്യാമ്പിലെ പൊലീസുകാരന് കുമാറിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ക്യാമ്പില്‍ ജാതിവിവേചനം ഉണ്ടായിരുന്നു എന്നും ഉന്നത ഉദ്യോഗസ്ഥര്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്നും ആത്മഹത്യാ കുറിപ്പില്‍ കുമാര്‍ പറയുന്നു.
കുമാറിന് ആത്മഹത്യയ്ക്ക് കാരണം ജാതിവിവേചനമാണെന്ന് നേരത്തേ ഭാര്യ സജിനി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഭാര്യയുടേയും ബന്ധുക്കളുടേയും മൊഴിയെടുത്തിരുന്നു. ഇവരുടെ മൊഴി ശരിവയ്ക്കുകയാണ് പൊലീസ് കണ്ടെത്തിയ ആത്മഹത്യ കുറിപ്പ്.
Read More: ‘ഉണ്ട’യിൽ തെളിയുന്ന ജീവിതം
അധിക ഡ്യൂട്ടി നല്കി ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിച്ചിരുന്നു. ആദിവാസിയായത് കൊണ്ട് നിരന്തര പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നെന്നും അന്വേഷണ സംഘത്തിന് ലഭിച്ച ആത്മഹത്യ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഇതില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ 25 ന് ഒറ്റപ്പാലത്തിനടുത്ത് ലക്കിടിയില്‍ റെയില്‍വേ ട്രാക്കിലാണ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയും കുമാറിന്റെ സഹോദരനും പൊലീസിലെ ഉന്നതര്‍ക്കെതിരെ ആരോപണമുന്നയിച്ചതോടെ കേസന്വേഷിക്കാന്‍ സ്പെപെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം കല്ലേക്കാട് എ ആര് ക്യാമ്പിലെത്തിയ അന്വേഷണ സംഘം ആരോപണ വിധേയരായ പൊലീസുകാരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടയിലാണ് കുമാറിന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരി വെയ്ക്കും തരത്തിലുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തുന്നത്.
പൊലീസ് ക്യാമ്പുകളിലെ ജാതീയാധിക്ഷേപത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കണ്ണൂർ എ ആർ ക്യാംപിലെ കെ. രതീഷ് എന്ന പൊലീസുകാരനും നേരത്തേ രംഗത്തെത്തിയിരുന്നു. മേലുദ്യോഗസ്ഥർ അസഭ്യം ചേർത്ത് ജാതിപ്പേര് വിളിച്ച് നിരന്തരം അപമാനിക്കുന്നതിൽ മനംനൊന്ത് ജോലി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് ആദിവാസി വിഭാഗത്തിൽ പെട്ട ഈ പൊലീസുകാരൻ. മേലധികാരിയുടെ മാനസികമായും ജാതീയമായുമുള്ള നിരന്തര പീഡനം മൂലമാണ് താൻ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് സിവിൽ പോലീസ് ഓഫിസറായ ആദിവാസി കുറിച്യ വിഭാഗക്കാരനായ രതീഷ് വെളിപ്പെടുത്തിയിരുന്നു.