ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെക്കൊന്ന് അമ്മ ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവായ പൊലീസുകാരന് അറസ്റ്റില്‍. വണ്ടാനം മെഡിക്കൽ കോളേജിലെ എയ്ഡ് പോസ്റ്റിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫീസർ റെനീസാണ് അറസ്റ്റിലായത്. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെയാണ് റെനീസിന്റെ ഭാര്യ നജ്ല (28), മക്കളായ ടിപ്പു സുൽത്താൻ (5), മലാല (ഒന്നര) എന്നിവരെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൽ നിന്നുണ്ടായ മനസികപീഡനമാണ് നജ്ലയെ ഇതിന് പ്രേരിപ്പിച്ചത് എന്നാണ് ബന്ധുക്കളുടെ ആരോപണം. റെനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും രാത്രി ഫോൺ വിളികളിൽ നജ്ലയുമായി തകർക്കമുണ്ടായിട്ടുണ്ടെന്നും സഹോദരിയും അയൽവാസികളും പറഞ്ഞിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
ഇന്നലെ രാവിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ റെനീസാണ് മൂന്ന് പേരെയും മരിച്ചനിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഒന്നരവയസുകാരിയായ മകളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും അഞ്ചു വയസുകാരനായ മകനെ ഷോൾ കൊണ്ട് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം നജ്ല ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം നജ്ലയുടേയും മക്കളുടെയും മൃതദേഹങ്ങള്‍ വൈകിട്ട് കോട്ടപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Also Read: പുറത്താക്കാനുള്ള പ്രാധാന്യം പോലും കെ.വി.തോമസിന് നൽകിയിട്ടില്ല: കെ.സുധാകരന്