തൊടുപുഴ: കേരളത്തില്‍ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുന്നു. ഈ പഞ്ചായത്തിലെ മുഴുവൻ ആളുകളുടെയും ഫൊട്ടോ ഉൾപ്പടെയുളള വിവരങ്ങൾ ഡോക്യുമെന്ര് ചെയ്താണ് സർവൈലൻസ് ശക്തമാക്കുന്നത്.
ഇടമലക്കുടിയില്‍ നരബലി നടന്നുവെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. തുടര്‍ന്നു സ്‌പെഷല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇടമലക്കുടി നിവാസികളെ സംബന്ധിച്ചുള്ള വിവരങ്ങളടങ്ങിയ ആല്‍ബം തയാറാക്കാന്‍ മുന്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി എ.വി.ജോര്‍ജ് ട്രൈബല്‍ ഇന്റലിജന്‍സ് സംഘത്തെ നിയോഗിച്ചത്.

കഴിഞ്ഞവര്‍ഷം മേയില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ പ്രവര്‍ത്തകര്‍ ഇടമലക്കുടിയില്‍ സന്ദര്‍ശനം നടത്തുകയും ഇവിടത്തെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചു ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് നരബലി വിവാദം ഉണ്ടായത്.
ഇടമലക്കുടിയിലെ എല്ലാ കുടികളിലും താമസിക്കുന്ന ജനങ്ങളുടെ വിവരങ്ങളടങ്ങിയ ആല്‍ബം തയാറാക്കിയാണ് പൊലീസ് വിവരങ്ങള്‍ പ്രത്യേകം സൂക്ഷിക്കാനൊരുങ്ങുന്നത്. ഇത്തരത്തില്‍ ആല്‍ബം സൂക്ഷിക്കുന്നതിലൂടെ പ്രദേശവാസികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസിലാക്കാനാവുമെന്നാണ് ഔദ്യോഗിക നിലപാട്. ഇടമലക്കുടിയിലെ ജനങ്ങളുടെ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന പ്രത്യേക ആല്‍ബത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണെന്ന് അധികൃതര്‍ പറയുന്നു. ഏതാണ്ട് 95 ശതമാനത്തോളം നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് ആദിവാസികള്‍ മാത്രം താമസിക്കുന്ന ഒരു പ്രദേശത്തെക്കുറിച്ചുള്ള ആല്‍ബം തയാറാക്കുന്നത്.
ഇടമലക്കുടിയിലെ ട്രൈബല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ എഎസ്ഐമാരായ എ.എം.ഫക്രുദീന്‍, വി.കെ.മധു, വനിതാ സിപിഒമാരായ കെ.ബി.ഖദീജ, കെ.എം.ലൈജാമോള്‍ എന്നിവരാണ് ആല്‍ബം തയാറാക്കാന്‍ നേതൃത്വം നല്‍കുന്നത്. സംഘം പത്തു മാസമായി ഇടമലക്കുടയിലെ 28 കുടികളില്‍ വന്യ മൃഗശല്യം മൂലം ആളുകള്‍ താമസമില്ലാത്ത നാല് കുടികള്‍ ഒഴികെ 24 കുടികളിലുമെത്തി ഓരോ വീട്ടിലുമുള്ളവരെ നേരില്‍ കണ്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇതിനായി അന്‍പതിലധികം ചോദ്യങ്ങളുള്ള പ്രത്യേക ചോദ്യാവലിയും പൊലീസ് തയാറാക്കിയിരുന്നു. ഓരോ കുടിക്കും പ്രത്യേകമായി തയാറാക്കുന്ന ആല്‍ബത്തില്‍ കുടുംബാംഗങ്ങളുടെ ചിത്രങ്ങളും ഉള്‍ക്കൊള്ളിക്കും. ഇത്തരത്തില്‍ തയാറാക്കുന്ന ആല്‍ബത്തിന്റ കോപ്പി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും സര്‍ക്കാരിനും നല്‍കാനാണ് അധികൃതരുടെ തീരുമാനം.
ആല്‍ബത്തിന്റെ സഹായത്തോടെ ഇടമലക്കുടിയിലെ താമസക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ലഭ്യമാകുമെന്നതാണ് പൊലീസിന്റെ പുതിയ ദൗത്യത്തിനു പിന്നില്‍. ഇടക്കാലത്തു ഇടമലക്കുടിയിലെ ട്രൈബല്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവി തീരുമാനിച്ചെങ്കിലും ഫെബ്രുവരിയില്‍ സ്ഥലം സന്ദര്‍ശിച്ച എഡിജിപി ബി.സന്ധ്യ ആല്‍ബത്തിനുള്ള വിവരശേഖരണം തുടരാനും ട്രൈബല്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം തുടരാനും നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, പൊലീസ് ജനങ്ങളുടെ ഫൊട്ടോ ഉൾപ്പടെ എടുത്ത് ആൽബം തയാറാക്കുന്നത് അവിടുത്തെ ജനങ്ങളുടെ സ്വകാര്യതയ്ക്ക് മേലുളള കടന്നുകയറ്റമാണെന്ന വിമർശനം ഉയരുന്നുണ്ട്. നരബലി വാർത്ത കെട്ടുകഥയാണെന്ന് പറയുന്ന പൊലീസ് അതിന്രെ പേരിൽ ജനങ്ങളുടെ സ്വകാര്യത ഇല്ലാതാക്കുകയാണ്. ആളുകളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് ആൽബം തയാറാക്കുകയല്ല, മറിച്ച് ജീവനും സ്വത്തിനും സംരക്ഷണം നൽകാനുളള നടപടിക്രമങ്ങളാണ് പൊലീസ് സ്വീകരിക്കേണ്ടതെന്ന് ആക്ടിവിസ്റ്റുകൾ പറയുന്നു.