തിരുവനന്തപുരം: ലൈംഗികച്ചുവയുള്ള ഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലത്തില്‍ രാജിവെച്ച് പുറത്തുപോയ ഗതാഗത മന്ത്രി എകെ ശശീന്ദ്രനെതിരെ സ്വമേധയ കേസെടുക്കില്ലെന്ന് പൊലീസ്. സംഭവത്തിൽ ഉൾപ്പെട്ട സ്ത്രീ പരാതി നൽകിയാൽ മാത്രമേ കേസ് എടുക്കുകയുള്ളൂവെന്ന നിലപാടിലാണ് പൊലീസ്.

സ്വകാര്യ സംഭാഷണം പുറത്ത് വിട്ടെന്ന പേരിൽ ശശീന്ദ്രനോ സര്‍ക്കാരോ പരാതി നല്‍കിയാല്‍ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. വാര്‍ത്തയ്ക്ക് വേണ്ടി വെട്ടിത്തിരുത്തി കൃത്രിമം കാണിച്ചതിന് ചാനലിന് നിയമനടപടി നേരിടേണ്ടി വരും. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന വാദം ഉയരുന്ന സാഹചര്യത്തില്‍ ചാനലിന് കാര്യങ്ങള്‍ എളുപ്പമാകില്ല.

രാഷ്ട്രീയ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെന്ന് ഗതാഗത മന്ത്രി പറഞ്ഞത്. രാഷ്ട്രീയ യശസ്സ് ഉയർത്തിപ്പിടിക്കാനാണ് രാജിവയ്ക്കുന്നത്. എന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ആരോപണങ്ങളിൽ യാതൊരു വിധ കഴമ്പുമില്ലെന്നും എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ധാർമികതയ്ക്ക് നിരക്കാത്തത് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി ഏതു തരം അന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നു എന്ന് വ്യക്തമാക്കി. എനിക്ക് യാതൊരുവിധ അറിവുമില്ലാത്ത സംഭവമാണിത്. ധാർമികതയ്ക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടില്ല. ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിട്ടില്ല. രാജി കുറ്റസമ്മതമല്ലെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.

പിണറായി മന്ത്രിസഭയിൽ നിന്നും വിവാദങ്ങളിലുടെ പുറത്തുപോകേണ്ടിവരുന്ന രണ്ടാമത്തെ മന്ത്രിയാണ് എ.കെ.ശശീന്ദ്രൻ. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിസഭയിലെ രണ്ടാമനുമായ ഇ.പി.ജയരാജനാണ് വിവാദങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം നഷ്ടമായതെങ്കിൽ ഇപ്പോൾ ഗതാഗത മന്ത്രിയായ എൻസിപി നേതാവായ എ.കെ.ശശീന്ദ്രനാണ് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ